
ചാരുംമൂട്: ജില്ലയിലേക്ക് വൻതോതിൽ രാസലഹരി എത്തിച്ചിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയ സ്വദേശിയെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ജാമിയു അബ്ദുൽ റഹീം (24) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 12 ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വയനാട് എക്സൈസ് അസി.കമ്മീഷണർ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അതിസുരക്ഷാ തടങ്കലിൽ പാർപ്പിച്ചിരുന്ന ഇയാളെ നൂറനാട് എസ്.എച്ച്.ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 2022 ൽ ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ സിവിൽ എഞ്ചിനീയറിംഗ് പഠത്തിനായി വന്ന മുഹമ്മദ് ജാമിയു ഇപ്പോൾ അവസാന വർഷ വിദ്യാർത്ഥിയാണ്.രാസലഹരിക്ക് അടിമയായ ഇയാൾ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നൂറനാട് പടനിലത്ത് ജിംനേഷ്യം നടത്തി വന്ന അഖിൽ രാജ് എന്ന യുവാവിന്റെ വീട്ടിൽ നിന്നും 50 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിൽ അഖിൽരാജും കൂട്ടാളിയായ ജിം ട്രെയിനർ വിനുരാജും ചേർന്ന് ബാംഗ്ലൂർ മത്തിക്കരൈ എന്ന സ്ഥലത്തു നിന്നുമാണ് എം.ഡി.എം.എശേഖരിച്ചത് എന്നും കാസർകോട് സ്വദേശി മുഹമ്മദ് ജാബിദാണ് ഇതു കൈമാറിയതെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 16-ാം തീയതി അന്വഷണ സംഘം ബാഗ്ലൂരിൽ നിന്നും കാസർകോട് നെല്ലിക്കുന്ന്, നാക്കര (തൈവളപ്പിൽ) വീട്ടിൽ മുഹമ്മദ് ജാബിദ്.എൻ.എം (31) , കൂട്ടാളി, കോഴിക്കോട് , നീലേശ്വരം, ഓമശേരി, മാങ്ങാപൊയിൽ വീട്ടിൽ മുഹമ്മദ് സഹൽ (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ജാബിദിന്റെ അറസ്റ്റിനു ശേഷം നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ജാമിയു അബ്ദുൽ റഹീമാണ് ലഹരി കൈമാറുന്നതെന്ന് കണ്ടെത്തി.
എ.എസ്.ഐ സിനു വർഗ്ഗീസ്, സീനിയർസിവിൽ പൊലീസ് ഓഫീസർമാരായ ശരത്.എ, കലേഷ്.കെ, ഗിരീഷ് ലാൽ.വി.വി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |