കഴിഞ്ഞ ദിവസം ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടാൻ അവസരമുണ്ടായിട്ടും വേണ്ടെന്ന് വച്ച് ടീം സ്കോർ ഉയർത്താൻ സഹതാരം ശശാങ്ക് സിംഗിനോട് പറഞ്ഞ പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യരാണ് ഐ.പി.എല്ലിലെ സംസാരവിഷയം. മത്സരത്തിൽ 11 റൺസിന് പഞ്ചാബ് വിജയിച്ചതോടെയാണ് അവസാന ഓവറിൽ സിംഗിളെടുത്ത് സ്ട്രൈക്ക് നൽകാൻ നിൽക്കാതെ വലിയ ഷോട്ടുകൾക്ക് ശ്രമിക്കാൻ പറഞ്ഞ ശ്രേയസിനെത്തേടി അഭിനന്ദന പ്രവാഹമെത്തിയത്.
42 പന്തുകളിൽ അഞ്ചു ഫോറും ഒൻപത് സിക്സുമടക്കമാണ് 19- ഓവറിൽ ശ്രേയസ് 97ലെത്തിയത്.20-ാം ഓവറിലെ എല്ലാപന്തുകളും നേരിട്ടത് ശശാങ്കാണ്. ഈ ഓവറിൽ അഞ്ചുഫോറടക്കം 23 റൺസ് ശശാങ്ക് നേടുകയും ചെയ്തു. ഒരുപന്തെങ്കിലും ലഭിച്ചിരുന്നെങ്കിൽ സെഞ്ച്വറിയടിക്കാമായിരുന്നിട്ടും പഞ്ചാബ് നായകൻ അതിനായി ആവശ്യപ്പെട്ടില്ല. തന്റെ സെഞ്ച്വറിയേക്കാൾ ടീമിന്റെ സ്കോർ ഉയർത്തുന്നതിനാണ് പ്രാധാന്യമെന്നും സെഞ്ച്വറി അടുത്ത മത്സരത്തിൽ അടിച്ചോളാമെന്നുമാണ് ശശാങ്കിനോട് പറഞ്ഞതെന്ന് മത്സരശേഷം ശ്രേയസ് വെളിപ്പെടുത്തി.
കഴിഞ്ഞ സീസണിൽ കിരീടം നേടിക്കൊടുത്തിട്ടും കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് നായകസ്ഥാനം കൈമോശം വന്നതോടെയാണ് ശ്രേയസ് പുതിയ സീസണിൽ പുതിയ ക്ളബായ പഞ്ചാബ് കിംഗ്സിനുവേണ്ടി നായകവേഷത്തിൽ ഇറങ്ങിയത്.ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകപങ്ക് വഹിച്ചത് ശ്രേയസാണ്.
ഗുജറാത്തിന് ശക്തമായ ബാറ്റിംഗ് ലൈനപ്പുള്ളതിനാൽ പരമാവധി ടോട്ടൽ ഉയർത്താനാണ് ലക്ഷ്യമിട്ടത്. എന്റെ സെഞ്ച്വറി നോക്കേണ്ടെന്നും അത് അടുത്ത മത്സരത്തിൽ അടിച്ചോളാമെന്നും ശശാങ്കിനോട് പറഞ്ഞു.അവസാനഓവറിൽ ശശാങ്ക് അടിച്ച റൺസാണ് വിജയത്തിൽ നിർണായകമായത്.
- ശ്രേയസ് അയ്യർ, പഞ്ചാബ് കിംഗ്സ് ക്യാപ്ടൻ
ഏപ്രിൽ ഒന്നിന് ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |