തിരുവനന്തപുരം : പാലായിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതുന്ന തലസ്ഥാനത്തെ വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി.ജെ.പി പ്രവർത്തകർ. താഴെതട്ടിലുള്ളപ്രവർത്തകരുടെ വികാരം മനസിലാക്കാനായി വിളിച്ചു ചേർത്ത മണ്ഡലം സമിതിയോഗത്തിനിടെയാണ് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുയർന്നത്. മണ്ഡലം സമിതിയോഗത്തിനെത്തിയ ഇരുപത്തിയാറ് അംഗങ്ങളിൽ ഭൂരിഭാഗവും കുമ്മനത്തിനായി നിലകൊണ്ടു. പ്രവർത്തകരുടെ അഭിപ്രായം സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിക്കുമെന്ന് യോഗത്തിന് മേൽനോട്ടം വഹിക്കാനെത്തിയ ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി.രമേശ് അറിയിച്ചു. കുമ്മനത്തിനൊപ്പം മറ്റു നേതാക്കളായ കെ.സുരേന്ദ്രൻ, വി.വി.രാജേഷ്, പി.കെ.കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ പേരും യോഗത്തിനെത്തിയവർ ഉന്നയിച്ചു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയോട് മത്സരിച്ച് പരാജയപ്പെട്ട കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നിന്നും 50,709 വോട്ടുകൾ നേടിയിരുന്നു. വിജയിച്ച സ്ഥാനാർത്ഥിയായ ശശി തരൂരിന് ഇവിടെ നേടാനായത് 53, 545 വോട്ടുകളാണ്. കേവലം 2836 മേൽക്കൈയാണ് ഇവിടെ യു.ഡി.എഫിന് ലഭിച്ചത്. ഇത് വരുന്ന ഉപതിരഞ്ഞെടുപ്പിൽ മറികടക്കാനാവുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും കുമ്മനമായിരുന്നു വട്ടിയൂർക്കാവിലെ ബി.ജെ.പി സ്ഥാനാർത്ഥി. കോൺഗ്രസിലെ കെ.മുരളീധരൻ 7622 വോട്ടുകൾക്കാണ് അന്ന് വിജയിച്ചത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും ജനവിധിതേടി ലോക്സഭയിലേക്ക് ജയിച്ചു കയറിയതോടെയാണ് വട്ടിയൂർകാവിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |