ആലപ്പുഴ: കരുനാഗപ്പള്ളിയിൽ ഗുണ്ടാത്തലവൻ സന്തോഷിനെ വീട്ടിൽ കയറികൊലപ്പെടുത്തിയ കേസിൽ വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പാപ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
എതിർചേരിയിൽ പ്രവർത്തിക്കുന്ന സന്തോഷിനെ വകവരുത്താൻ പദ്ധതിതയ്യാറാക്കിയതിന് പിന്നിൽ വള്ളികുന്നത്തെ ഗുണ്ടാ നേതാവുമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ താവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഷാഡോ സംഘമുൾപ്പെടെ പൊലീസ് വള്ളികുന്നത്ത് ഇയാൾക്കായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
ഗുണ്ടാ സംഘങ്ങളുടെ ചേരിപ്പോരിനെ തുടർന്നുണ്ടായ കൊലപാതകമാണ് സന്തോഷിന്റേതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. വള്ളികുന്നത്തെ ഗുണ്ടാത്തലവനുമായി ബന്ധമുള്ള വയനകം സംഘത്തിലെ അലുവ അതുലും സംഘവുമാണ് കൃത്യം നടത്തിയത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തിയ കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തിലെ പങ്കജിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.
വധശ്രമക്കേസിലെ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘമാണ് വീടുകയറി ആക്രമിച്ചത്. അതിനുശേഷം വവ്വക്കാവിൽ മറ്രൊരുയുവാവിനെയും സംഘം ആക്രമിച്ചിരുന്നു. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള സംഘവും വയനകം കേന്ദ്രീകരിച്ചുള്ള ഓച്ചിറ സംഘവും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |