കോഴിക്കോട്: മാനസികാരോഗ്യ ഡോക്ടർമാരോട് ലഹരിമുക്ത ചികിത്സ തേടുന്നവരുടെ വിവരം നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ്. അതേസമയം വിവരം നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് ഡോക്ടർമാർ. ചികിത്സയ്ക്കെത്തുന്ന രോഗികളുടെ പേരും വിലാസവുമടക്കമുള്ള വിവരങ്ങളാണ് സംസ്ഥാന വ്യാപകമായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് വിവരം തേടുന്നതെന്ന് ഇന്ത്യൻ സെെക്യാട്രിക് സൊസെെറ്റി (കേരള) ഭാരവാഹികൾ പറഞ്ഞു. ഇത് രോഗിയുടെ സ്വകാര്യതയിൻമേലുള്ള കടന്നുകയറ്റമാണ്. 2017ലെ മാനസികാരോഗ്യ നിയമപ്രകാരവും എൻ.ഡി.പി.എസ് ആക്ടിലെ സെക്ഷൻ 27 പ്രകാരവും വിവരം നൽകാനാകില്ല. ചികിത്സയിലുള്ളവരുടെയും ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടവരുടെയും പൂർണ വിവരങ്ങൾ നൽകാനാണ് നിർദ്ദേശം. ഇത് നൽകിയാൽ പൊലീസ് നിരീക്ഷണം ഭയന്ന് രോഗികൾ ചികിത്സയ്ക്ക് എത്താതാകും.
അതോടെ സ്വാഭാവികമായി ലഹരിമുക്തി നേടുന്നവരുടെ ശതമാനവും കുറയും.
പൊലീസിന് വിവരം നൽകേണ്ടിവരുമെന്ന് ചികിത്സയ്ക്ക് എത്തുന്നവരോട് ഡോക്ടർമാർക്ക് പറയേണ്ടതായും വരും. അതേസമയം കൂടുതൽ ലഹരി ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നവരാണ് ചികിത്സയ്ക്ക് എത്തുന്നതെങ്കിൽ തങ്ങൾ തന്നെ വിവരം പൊലീസിൽ അറിയിക്കുമെന്നും പറഞ്ഞു.
ഡോക്ടർക്കെതിരെ
കേസുണ്ടാകാം
പൊലീസിന് നൽകിയാൽ ഡോക്ടർക്കെതിരെ കേസുണ്ടാകാം. മദ്യം, പുകയില, പാൻപരാഗ്, ഹാൻസ് എന്നിവ ഉപയോഗിക്കുന്നവരുടെ വിവരം നൽകേണ്ടതില്ല. രാസലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നൽകേണ്ടത്. ഇതിന്റെ നിയമവശം തേടിയിട്ടുണ്ട്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയതായും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. മോഹൻ സുന്ദരം, ജനറൽ സെക്രട്ടറി ഡോ. അനീസ് അലി, ഡോ. രാജ്മോഹൻ വേലായുധൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |