കൊച്ചി: ഇടക്കൊച്ചി കണ്ണേങ്ങാട്ട് പാലത്തിന് സമീപത്തെ പുതിയ വാക്ക്‌വേയിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് കണക്കിൽപ്പെടാത്ത 2.7 കോടി രൂപ പൊലീസ് കണ്ടെടുത്തു. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ എത്തി പണം കസ്റ്റഡിയിലെടുത്തു.
എറണാകുളം ബ്രോഡ്‌വേയിലെ ക്യൂട്ട് ക്ലോത്തിംഗ് കമ്പനി എന്ന തുണിക്കടയിലെ ജീവനക്കാരനും ബീഹാർ സ്വദേശിയുമായ സബീഷ് അഹമ്മദ് (25), ഓട്ടോ ഡ്രൈവർ കടവന്ത്രയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി രാജഗോപാൽ (40), എളമക്കരയിൽ താമസിക്കുന്ന തുണിക്കട ഉടമ തമിഴ്നാട്ടുകാരൻ രാജ മുഹമ്മദ് (40) എന്നിവരെ ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തു. തുണിക്കട ഉടമയുടേതാണ് പണം. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന സബീഷും രാജഗോപാലും ഹാർബർ സ്റ്റേഷനിലെ പട്രോളിംഗ് സംഘത്തെ കണ്ട് പരുങ്ങിയതാണ് കള്ളപ്പണം പിടികൂടാൻ വഴിതുറന്നത്. ബീഹാർ സ്വദേശിയുടെ പാൻസിന്റെ പോക്കറ്റിൽ നിന്ന് 50,000 രൂപ കിട്ടി. ഓട്ടോറിക്ഷയിൽ മൂന്ന് ബിഗ്‌ഷോപ്പറുകളിലായിരുന്നു പണം.
ഹാർബർ എസ്.എച്ച്.ഒ എത്തി ചോദ്യം ചെയ്തപ്പോൾ പണം തുണിക്കട ഉടമയുടേതാണെന്ന് വെളിപ്പെടുത്തി. തുടർന്ന് ഉടമ രാജ മുഹമ്മദിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കണക്കിൽപ്പെടാത്ത പണമാണെന്നും സ്ഥലക്കച്ചവടത്തിനായി ഇടനിലക്കാരന് കൈമാറാൻ കൊടുത്തുവിട്ടതാണെന്നും മൊഴി നൽകി. വർഷങ്ങളായി എറണാകുളത്ത് താമസിക്കുന്ന രാജയ്ക്ക് രണ്ട് തുണിക്കടകളുണ്ടെന്നാണ് സൂചന.
ബാങ്ക് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |