കണ്ണൂർ: ജീവിതത്തിന്റെ ഊടും പാവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന കൈത്തറി തൊഴിലാളികൾക്ക് അതിജീവന പ്രതീക്ഷയായി, നൂതന ആശയവുമായി ഇരിണാവ് വീവേഴ്സ് സൊസൈറ്റി. സ്വദേശീയതയുടെ പര്യായമായ കൈത്തറിയിൽ യോഗയുടെ പാരമ്പര്യം തുന്നിയോജിപ്പിക്കുകയാണ് ഈ സൊസൈറ്റി.
ഒരേതരം ഉത്പന്നങ്ങൾ രംഗത്തെത്തിച്ചുകൊണ്ടിരുന്നാൽ മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ആയുർ മാറ്റ് (യോഗ മാറ്റ്) എന്ന ആശയത്തിലേക്ക് സൊസൈറ്റി വഴി തുറന്നിരിക്കുന്നത്. ആയുർവ്വേദ ഔഷധക്കൂട്ടിന്റെ ചായം ചേർത്താണ് പരുത്തിയും മറ്റ് ആയുർവേദ കൂട്ടുകളും ചേർത്തുണ്ടാക്കുന്ന യോഗ മാറ്റ് വിപണിയിലെത്തിക്കുന്നത്. മഞ്ഞൾ, നാൽപ്പാമരം, പതിമുഖം, ബദാം, ചെമ്പരത്തി എന്നിവയുടെ നിറങ്ങളാണ് മാറ്റിനു വേണ്ടി ചേർക്കുന്നത്. ഇരിണാവ് വീവേഴ്സ് 50ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ മാറ്റ് പുറത്തിറക്കിയിരിക്കുന്നത്.
കസ്റ്റമൈസ്ഡ് ഹാൻഡ് വൂവൺ, ഹാൻഡ് പെയിന്റഡ് സാരികൾ ഇതിനകം തന്നെ വിപണിയിലെത്തിച്ച് പേരെടുത്തവരാണ് നെയ്ത്ത് സംഘം. ഇനി കസ്റ്റമൈസ്ഡ് ഹാൻഡ് പെയിന്റഡ് കൈത്തറി ബെഡ് ഷീറ്റുകൾ സംഘം വിപണിയിലെത്തിക്കും. സംഘം ഇപ്പോൾത്തന്നെ വൻതോതിൽ കയറ്റുമതി ചെയ്യുന്ന ലോകോത്തര നിലവാരമുള്ള ബാത്ത് മാറ്റുകൾക്ക് പല വിദേശ രാജ്യങ്ങളിലും വലിയ ഡിമാൻഡാണ്.
വിപണിയിൽ ഇറക്കുന്നതിനു മുൻപായി ഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ ഇരിണാവ് നെയ്ത്ത് സംഘത്തിന്റെ യോഗ മാറ്റ് പ്രദർശിപ്പിച്ചിരുന്നു. 32 X 80 ഇഞ്ച് അതായത് രണ്ട് മീറ്റർ നീളവും 80 സെന്റിമീറ്റർ വീതിയുമാണ് മാറ്റിന്. 100 ശതമാനം കോട്ടണിൽ തയ്യാറാക്കുന്ന മാറ്റിന് 1800 രൂപയോളം വിലവരും.
ചരിത്രത്തിനൊപ്പം സഞ്ചരിച്ച സൊസൈറ്റി
1975ലാണ് ഇരിണാവ് വീവേഴ്സ് സൊസൈറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത്. 1990കളോട് കൂടി സംഘം കയറ്റുമതി മേഖലയിലേക്ക് പ്രവേശിച്ചു. വിദേശരാജ്യങ്ങളിലേക്ക് ഏറ്റവും ആദ്യം തുണിത്തരങ്ങൾ നേരിട്ട് കയറ്റുമതി ചെയ്ത കൈത്തറി സഹകരണ സംഘം ഇരിണാവാണെന്ന് സെക്രട്ടറി അനിൽകുമാർ പറഞ്ഞു. ഹോങ്കോങ്, ജപ്പാൻ, നെതർലൻഡ്, യു.എസ്.എ, യു.കെ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം കയറ്റുമതി ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ടെക്‌സ്റ്റൈൽസ് എക്സിബിഷനായ ജർമ്മനിയിലെ ഹെയിം എക്സിബിഷനിൽ തുടർച്ചയായി പങ്കെടുത്തു. 1995ൽ ഏറ്റവും നല്ല കൈത്തറി സഹകരണ സംഘത്തിനുള്ള കേന്ദ്ര ടെക്‌സ്റ്റൈൽസ് മന്ത്രാലയത്തിന്റെ സ്വർണ്ണപ്പതക്കം ലഭിച്ചു.
ആയുർ മാറ്റ്
100 ശതമാനം കോട്ടൺ നൂൽ
കെമിക്കൽ ചായങ്ങൾക്കു പകരം ഔഷധസസ്യങ്ങളും ആയുർവേദ കൂട്ടുകളും ഉപയോഗിക്കുന്നു.
മിഷനറികൾ ഒന്നും ഉപയോഗിക്കാതെ പൂർണമായും കൈകൊണ്ട് നെയ്‌തെടുക്കുന്നു.
ടൈൽസിലും മാർബിളിലും വഴുതിപ്പോകാത്ത ഗ്രിപ്പ് ഉള്ളത്
വിയർത്താൽ ശരീരത്തോട് ഒട്ടി നിൽക്കാതെ വിയർപ്പിനെ വലിച്ചെടുക്കുന്നു.
ചുമലിൽ തൂക്കി ബാഗ് പോലെ കൊണ്ടുപോകാൻ സൗകര്യപ്രദമായ പാക്കിംഗ് സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |