തൃശൂർ: സ്വരച്ചേർച്ച ഇല്ലായ്മയും കലഹവും മൂലം തൃശൂരിലെ ജനകീയ ക്ലബ്ബായ എഫ്.സി കേരള മൃതപ്രായത്തിലേക്ക്. ഡയറക്ടർമാരുടെ പരസ്പരമുള്ള പഴിചാരലും സാമ്പത്തിക അച്ചടക്കമില്ലായ്മയും ക്ളബ്ബിനെ വലയ്ക്കുന്നു. ഫുട്ബാൾ പരിശീലനം എന്നാൽ രക്ഷിതാക്കളുടെ മനസിൽ ആദ്യമെത്തുക കാൽപ്പന്തുകളി പരിചയപ്പെടുത്തിയ എഫ്.സി കേരളയുടെ കോച്ചിംഗ് ക്യാമ്പാണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും എത്താനും മറ്റും ഏറെ സൗകര്യപ്രദമാണ് വടക്കെ സ്റ്റാൻഡിനടുത്ത കോർപറേഷൻ സ്റ്റേഡിയത്തിലുള്ള എഫ്.സി കേരള അക്കാഡമിയിലെ പരിശീലനം. 2014ൽ രൂപീകൃതമായ ക്ലബ് ഇതിനിടെ നിരവധി നേട്ടങ്ങളും സ്വന്തമാക്കി. കേരള പ്രീമിയർ ലീഗിൽ കളിച്ച് യാത്ര തുടങ്ങിയ എഫ്.സി കേരള മൂന്ന് വർഷത്തിന് ശേഷം ഐ ലീഗ് രണ്ടാം ഡിവിഷനിൽ അരങ്ങേറി. ജൂനിയർ ജില്ലാ ടീം 22 വർഷങ്ങൾക്ക് ശേഷം സംസ്ഥാന കിരീടം നേടുമ്പോൾ ജില്ലയെ പ്രതിനിധീകരിച്ച 20 പേരിൽ പത്തുപേരും ക്ലബിൽ നിന്നായിരുന്നു. സംസ്ഥാനത്തെ ക്ലബ്ബുകളിൽ പ്രായം കുറഞ്ഞ കളിക്കാരുള്ളതും ഇവിടെ തന്നെ, കളിക്കാരുടെ ശരാശരി പ്രായം 19 വയസ്.
വാദങ്ങൾ നിരവധി
കേരള ഫുട്ബാൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റും എഫ്.സി കേരളയുടെ ഡയറക്ടറുമായിരുന്ന ഡേവിസ് മൂക്കന്റെ മരണശേഷമാണ് ക്ലബ്ബിൽ അധികാരപ്പോര് രൂക്ഷമായത്. ഡേവിസ് മൂക്കന്റെ കാലശേഷം ക്ലബ് പിടിച്ചടക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നുവെന്നാണ് ആദ്യം ഉയർന്ന ആരോപണം. ഇപ്പോൾ പിടിച്ചെടുക്കാൻ നോക്കുന്ന വിഭാഗം ഡേവിസ് മൂക്കൻ നിയന്ത്രിച്ചിരുന്ന കാലത്ത് സാമ്പത്തിക അച്ചടക്കം പാലിക്കാതിരുന്നതിന്റെ പേരിൽ മാറ്റിനിറുത്തപ്പെട്ടവരാണെന്നും ഇന്നലെ വരെ ക്ലബ്ബിന്റെ പടി കയറാത്തവരുടെ ഇപ്പോഴത്തെ വരവ് സദുദ്ദേശ്യപരമല്ലെന്നുമാണ് നിലവിലുള്ളവരുടെ വാദം.
പബ്ലിക് ലിമിറ്റഡ് കമ്പനിയായ എഫ്.സി കേരളയ്ക്ക് 47 ഓഹരി ഉടമകളാണുള്ളതെന്നും അവരുടെ സമ്മതമില്ലാതെ ഓഹരി അനുവദിക്കാനാകില്ലെന്നുമാണ് മറ്റൊരു വാദം. സംഭാവന നൽകിയവർക്കെല്ലാം ഓഹരി നൽകണമെന്ന വാദം ഗൂഢമാണ്. അഞ്ചുവർഷമായി ഓഡിറ്റിംഗോ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റോ ഡയറക്ടർമാർക്ക് കൈമാറിയിട്ടില്ല. മറ്റൊരു ക്ലബ് രൂപീകരിച്ച് എഫ്.സി കേരളയുടെ ഗുഡ്‌വിൽ കൊണ്ടുപോകാനുള്ള ശ്രമവുമുണ്ട്. പലരും പണം കൊടുത്തെന്ന് അവകാശപ്പെടുന്നു. ഒരു ഇന്റേണൽ ഓഡിറ്റിംഗ് നടത്തിയാലേ സത്യം ബോദ്ധ്യപ്പെടൂ. ക്ലബ് പിടിച്ചടക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണിതെന്നാണ് ഇക്കൂട്ടരുടെ വാദം.
നഷ്ടം ഫുട്ബാളിന്
നഷ്ടം ഫുട്ബാളിനാണ്, കുട്ടികൾക്കാണ്. ഒരു ക്ലബ് അകാലത്തിൽ ഇല്ലാതായാൽ പരിശീലനവേദിയോ കളിയിടമോ കൂടി നഷ്ടമാകും. കുട്ടികളുടെ ഭാവി നിങ്ങളുടെ കൈയിലാണ്. അടിച്ചുപിരിയാൻ എളുപ്പമാണ്. രണ്ടുകൂട്ടരും ആരുടെയെങ്കിലും മദ്ധ്യസ്ഥതയിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണം. സായ് പരിശീലനം കോർപറേഷൻ സ്റ്റേഡിയത്തിൽ നിന്നും പോയപ്പോൾ അത്‌ലറ്റിക്‌സിന് വലിയ നഷ്ടമുണ്ടായി. എഫ്.സി കേരളയ്ക്ക് കീഴിൽ ജില്ലയും സംസ്ഥാനവും കളിച്ചവരുണ്ട്.
ജോ പോൾ അഞ്ചേരി
മുൻ ഇന്ത്യൻ ക്യാപ്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |