ന്യൂഡൽഹി : വഖഫ് സ്വത്തുക്കളുടെ കൈകാര്യം ചെയ്യൽ, ഭരണം എന്നിവയിൽ സങ്കീർണതകൾ ഒഴിവാക്കി സുതാര്യത ഉറപ്പാക്കലാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ പറയുന്നു. മുസ്ലിം സമുദായത്തിലെ പിന്നാക്ക വിഭാഗമായ പസ്‌മന്ദകൾ തുടങ്ങിയവർക്കും മുസ്ലിം സ്ത്രീകൾക്കും വഖഫ് ഭരണത്തിൽ പ്രാതിനിദ്ധ്യമുറപ്പിക്കുന്നു. വഖഫ് സ്വത്തുക്കളുടെ ഭരണത്തിൽ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും.
എന്താണ് വഖഫ്
ഇസ്ലാമിക നിയമപ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി മാത്രമുള്ള സ്വത്തുക്കളെയാണ് വഖഫ് എന്ന് പറയുന്നത്. സ്വത്ത് മറ്റേതെങ്കിലും തരത്തിൽ ഉപയോഗിക്കുന്നതും വിൽപ്പനയും നിരോധിച്ചിരിക്കുന്നു. മുസ്ലിം നിയമപ്രകാരമാണ് വഖഫിന്റെ ഭരണം. വ്യക്തി മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി നൽകുന്ന സ്വത്തിന്റെ നാഥൻ അള്ളാഹുവാണ്. ഒരിക്കൽ അള്ളാഹുവിന് തന്റെ സ്വത്ത് സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട് തിരിച്ചെടുക്കാൻ കഴിയില്ല.
കാതലായ മാറ്റങ്ങൾ
1. ആർക്കും വഖഫ് നൽകാമെന്നത് ഒഴിവാക്കി. ഇസ്ലാം മതം 5 വർഷമെങ്കിലും ആചരിച്ചവർക്ക് മാത്രമേ കഴിയൂവെന്ന് ഭേദഗതി
2. വഖഫ് സ്വത്തായി മാറ്റും മുൻപ് സ്ത്രീകൾക്ക് അവരുടെ പിന്തുടർച്ചാവകാശ പ്രകാരമുള്ള സ്വത്ത് നൽകണം
3. മുസ്ലിം സമുദായത്തിലെ വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, അനാഥർ എന്നിവർക്ക് സ്വത്ത് ലഭിക്കുന്നത് ഉറപ്പിക്കാൻ പ്രത്യേക വ്യവസ്ഥ
4. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ടു വീതം അമുസ്ലിമുകൾക്ക് അംഗങ്ങളാകാം
5. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ടുപേർ വീതം അംഗങ്ങൾ മുസ്ലിം സമുദായത്തിലെ സ്ത്രീകളായിരിക്കണം
6. ഷിയ,സുന്നി, പിന്നാക്ക വിഭാഗങ്ങളിലെ മുസ്ലിമുകൾ, ബോഹ്റ, അഗാഖാനി വിഭാഗങ്ങളിലുള്ളവർക്ക് സ്റ്റേറ്റ് ബോർഡുകളിൽ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നു
7. പുതിയ നിയമം പ്രാബല്യത്തിലായി ആറു മാസത്തിനകം മുത്തവല്ലികൾ (കെയർടേക്കർമാർ) വഖഫ് സ്വത്തുക്കൾ കേന്ദ്രപോർട്ടലിൽ രജിസ്റ്റർ ചെയ്യണം
8. വഖഫാണോ, സർക്കാർ ഭൂമിയാണോ എന്ന തർക്കമുയർന്നാൽ ജില്ലാ കളക്‌ടർക്ക് മുകളിലുള്ള ഉദ്യോഗസ്ഥൻ അക്കാര്യം പരിശോധിച്ച് തീരുമാനിക്കും
9. പ്രതിവർഷം ഒരുലക്ഷം രൂപയിലധികം വരുമാനമുള്ള വഖഫ് സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ നിയമിച്ച ഓഡിറ്റർമാരുടെ ഓഡിറ്റിംഗിന് വിധേയമാകണം
10. ഒരു ഗ്രാമത്തെ മുഴുവനായി വഖഫായി പ്രഖ്യാപിക്കാൻ കഴിയുന്ന വ്യവസ്ഥ ഒഴിവാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |