തിരുവനന്തപുരം:ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന സ്വാശ്രയ കോളേജുകളിലേതടക്കം അദ്ധ്യാപകർക്ക് പ്രതിഫലം നൽകാൻ കേരള സർവകലാശാല.യു.ജി.സി സ്കെയിലിൽ ശമ്പളം വാങ്ങുന്ന അദ്ധ്യാപകർക്ക് ഉത്തരക്കടലാസ് മൂല്യനിർണയം ജോലിയുടെ ഭാഗമാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു.ഇതോടെ മൂല്യനിർണയം നടത്തുന്നവർക്ക് പ്രതിഫലം നൽകാതായി.പ്രതിഫലം നൽകുന്നതിനെ അക്കൗണ്ടന്റ് ജനറലും എതിർത്തിരുന്നു.പ്രതിഫലം നൽകുന്നതോടെ മൂല്യനിർണയത്തിലെ പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. മൂല്യനിർണയത്തിന് അദ്ധ്യാപകർക്ക് പ്രതിഫലം നൽകാത്തത് 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ സ്വാശ്രയ കോളേജുകളിൽ യു.ജി.സി സ്കെയിലിൽ ശമ്പളം നൽകുന്നില്ല. മാത്രമല്ല എൽ എൽ.ബി, എം.ബി.എ കോളേജുകൾ മിക്കതും സ്വാശ്രയ മേഖലയിലാണ്.മൂല്യനിർണയത്തിന് സ്വാശ്രയകോളേജുകളിലെ അദ്ധ്യാപകരെ കൂടുതലായി ആശ്രയിക്കേണ്ടി വരും.പേപ്പറൊന്നിന് മുപ്പത് രൂപ നിരക്കിലാണ് മൂല്യനിർണയത്തിന് പ്രതിഫലം.ഇതിനുള്ള തുക പരീക്ഷാഫീസിനത്തിൽ ഈടാക്കുന്നുണ്ടെന്ന വിവരം ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്താനും മൂല്യനിർണയത്തിന് അദ്ധ്യാപകർക്ക് പ്രതിഫലം നൽകാനുമാണ് സർവകലാശാലയുടെ തീരുമാനം.
എം.ബി.എ, എൽ എൽ.ബി, എൻജിനിയറിംഗ് പരീക്ഷകളുടെ മൂല്യനിർണയത്തിലാണ് ഏറ്റവും പ്രശ്നമുള്ളത്. മിക്കതിലും അദ്ധ്യാപകരെ കിട്ടാത്ത സ്ഥിതിയാണ്. കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ സ്വാശ്രയ രീതിയിലാണ് കോഴ്സ് നടത്തുന്നത്.അവിടത്തെ അദ്ധ്യാപകരും താത്കാലിക ജീവനക്കാരാണ്.എൽ എൽ.ബി കോഴ്സിൽ പുനർമൂല്യനിർണയത്തിന് കേരളത്തിന് പുറത്തുള്ള അദ്ധ്യാപകരെയാണ് നിയോഗിക്കാറുള്ളത്.അവർക്കും പ്രതിഫലം നൽകിയേ മതിയാവൂ എന്നാണ് സർവകലാശാലയുടെ നിലപാട്.നിലവിൽ ആർക്കും പ്രതിഫലം നൽകുന്നില്ല.അതിനാൽ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന് സ്വീകരിക്കാനും തിരികെ നൽകാനും അദ്ധ്യാപകർക്ക് മടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |