ചിറ്റൂർ: ചിറ്റൂർ മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ ഒന്നാം വിള കൃഷിക്കുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചു. നല്ലേപ്പിള്ളി പഞ്ചായത്തിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ വൈക്കോൽ കെട്ടി മാറ്റി ഉടനെ തന്നെനിലം ഉഴുതു മറിക്കാൻ തുടങ്ങി. ഉഴവിന് പാകമായ പരുവത്തിലുള്ള മണ്ണിലാണ് ട്രാക്ടർ ഉപയോഗിച്ച് ഉഴുത് മറിക്കൽ നടക്കുന്നത്. വേനൽ മഴ ലഭിക്കുന്ന മുറയ്ക്ക് പാടങ്ങളിലെ കൊഴിഞ്ഞു വീണ നെല്ല് മുളച്ച് പൊങ്ങും. വീണ്ടും കിട്ടുന്ന മഴക്ക് ഡെയ്ഞ്ച പോലുള്ള പച്ചിലവള വിത്ത് വിതക്കാനാന്ന് മുൻകൂട്ടി പാകപ്പെടുത്തുന്നത്. ഏപ്രിൽ കഴിഞ്ഞാൽ ഉടൻ ഡെയ്ഞ്ച വിതക്കാൻ വീണ്ടും ഉഴുതുമറിക്കണം. വിത കഴിഞ്ഞ് കിട്ടുന്ന മഴയ്ക്ക് മുള വരും. 45-55 ദിവസത്തിനുള്ളിൽ കാലവർഷം കിട്ടുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്. മെയ് പത്തോടെ ഞാറ്റടി തയ്യാറാക്കുന്ന ജോലികളാണ്. 25-30 ദിവസത്തെ മൂപ്പിൽ നടീൽ നടത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ .ഡെയിഞ്ച വിത്ത് കിലോയ്ക്ക് 110 രൂപ പൊതു മാർക്കറ്റിൽ വിലയുണ്ട്. പഞ്ചായത്തുകകൾ ഡെയ്ഞ്ച വിത്തിന് പദ്ധതി വെക്കാത്തതു കൊണ്ട് ഉഴവുകൂലിയും വിത്ത് വിലയും താങ്ങാൻ പറ്റുന്നില്ലെന്ന പരാതികളും കർഷകർക്കുണ്ട്. രോഗങ്ങളും കീഡങ്ങളും വരാതിരിക്കാനും വില കൂടിയ രാസവളത്തിന്റെ ഉപയോഗം കുറക്കാനും ഡെയ്ഞ്ച കൊണ്ട് കഴിയുമായിരുന്നു ഡെയ്ഞ്ചയുടെ ഗുണം രണ്ടാം വിളയ്ക്കും ലഭിക്കും. കാലിവളം വാങ്ങാൻ വളത്തിന്റെ വിലയും കയറ്റ് കൂലിയും പാടത്ത് വിതറുന്ന കൂലിയും ട്രാക്ടർ വാടക തുടങ്ങിയവയും താങ്ങാവുന്നതിലും അധികമാണെന്ന് കർഷകർ ചൂണ്ടി കാട്ടി. ഒന്നാം വിളയ്ക്ക് ടി.പി.എസ്-5, ഉമ , ഭദ്ര തുടങ്ങിയ വിത്തും മൂപ്പു കുറഞ്ഞ വിത്തുകളുമാണ് മേഖലയിൽ കൃഷിയിറക്കുന്നതെന്ന് കർഷകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |