സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ എന്ന നിലയിൽ, വിഭാവം ചെയ്ത പദ്ധതികൾ ഒന്നൊന്നായി സാക്ഷാത്കരിക്കുന്ന തിരക്കിലാണ് വിഖ്യാത ചലച്ചിത്രകാരൻ കൂടിയായ ഷാജി എൻ. കരുൺ. ദേശീയ, അന്തർദ്ദേശീയ ബഹുമതികൾ നേടിയ സംവിധായകന്റെ മനസിൽ ഒരു സിനിമയുണ്ട്. പക്ഷേ, അതിന്റെ പണിപ്പുരയിലേക്ക് കടക്കുംമുമ്പ്, കോർപറേഷൻ ഏറ്റെടുത്ത വികസനപദ്ധതികൾ പൂർത്തിയാക്കണം.
''ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആറേഴു മാസത്തിനകം അറ്റ്മോസ് തിയേറ്റർ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ ആയിരിക്കും ഇത്. പിന്നെ ഗ്രാഫിക്സ് സ്റ്റുഡിയോ തീർക്കാനുണ്ട്. മൂന്നു സ്ഥലങ്ങളിൽ പുതിയ തിയേറ്ററുകളുടെ പണിയും പുരോഗമിക്കുന്നു."" ഷാജി എൻ. കരുൺ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? പദ്ധതികൾ തീരാൻ വൈകുന്നത് സാമ്പത്തിക പ്രതിസന്ധി കാരണമാണോ.
സാമ്പത്തികം ഇടയ്ക്ക് പ്രശ്നമായിരുന്നെങ്കിലും ഇപ്പോൾ നടപടികൾ വേഗത്തിൽ നടക്കുന്നു. ഈ മന്ത്രിസഭയുടെ കാലാവധി തീരുംമുമ്പ് പ്രധാനപ്പെട്ട സിനിമാ പ്രൊഡക്ഷൻ സെന്റർ ആയി ചിത്രഞ്ജലി മാറും. സെറ്റുകൾ ഇടുന്നതിനായി പുതിയൊരു ആർക്കിടെക്റ്റിനെ നിയോഗിച്ചു. പൂനെയിൽ നിന്നുള്ള ആർക്കിടെക്റ്റിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ സെറ്റിന്റെ ജോലികൾ പുരോഗമിക്കുന്നത്.
ചിത്രാഞ്ജലിയെ സെന്റർ ഒഫ് എക്സലൻസ് ആക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ഇതെല്ലാം ചെയ്ത് കൂടുതൽ സിനിമാ പ്രവർത്തകരെ ഇവിടേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം. കോർപറേഷന്റെ തൃശൂർ, പയ്യന്നൂർ, വൈക്കം എന്നിവിടങ്ങളിലെ തിയേറ്ററുകൾ രണ്ടുമൂന്ന് മാസത്തിനകം പൂർത്തിയാകും. ഇപ്പോൾ 17 തിയേറ്റർ ഉണ്ട്. പുതിയ തിയേറ്ററുകളിൽ മൂന്നു സ്ക്രീൻ വീതമാണ്. ആകെ 40 സ്ക്രീൻസ് ആക്കുകയാണ് ലക്ഷ്യം. എല്ലാ രംഗത്തുമെന്ന പോലെ സാമ്പത്തിക പ്രതിസന്ധി നമ്മളെയും ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇടപെട്ട് അതെല്ലാം പരിഹരിച്ചു തരുന്നുമുണ്ട്.
? കൊച്ചിയിൽ മറ്റൊരു സ്റ്റുഡിയോയ്ക്കുള്ള പദ്ധതി.
ഗ്രേറ്റർ കൊച്ചി ഡവലപ്മെന്റ് അതോറിട്ടിയുമായി ചേർന്നാണ് അവിടെ പദ്ധതി നടപ്പിലാക്കുക. ഇതിനായി കടവന്ത്രയിൽ 70 സെന്റ് സ്ഥലം അതോറിട്ടി ലഭ്യമാക്കിയിട്ടുണ്ട്. ഒരു സ്വകാര്യ വ്യക്തി 100 കോടി മുടക്കാൻ തയ്യാറായിട്ടുണ്ട്. കരാറുകൾ തയ്യാറായിക്കഴിഞ്ഞാൽ അത് നമ്മൾ ചെയ്യും.
? കെ.എസ്.എഫ്.ഡി.സിയുടെ ആദ്യത്തെ ചെയർമാൻ ജി. വിവേകാനന്ദന്റെ പേരിൽ ചിത്രഞ്ജലി സ്റ്റുഡിയോയിൽ ഒന്നുമില്ലാത്തത് നീതികേടല്ലേ.
അദ്ദേഹത്തിന്റെ ചിത്രം ഇപ്പോൾ കൈരളി തിയേറ്ററിൽ വച്ചിട്ടുണ്ട്. പുതിയ മ്യൂസിയം വരുമ്പോൾ അവിടെ അദ്ദേഹത്തിന്റെ സാനിദ്ധ്യമുണ്ടാകും. അത് എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
? സിനിമാ നയരൂപീകരണ സമിതി ചെയർമാൻ കൂടിയാണല്ലോ. നയ രൂപീകരണം എവിടംവരെയായി.
നയത്തിന്റെ കരട് തയ്യാറായി. സിനിമാ കോൺക്ലേവ് ഈ മാസം അവസാനമോ മേയ് ആദ്യമോ ഉണ്ടാകും.
ഹേമാ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ചർച്ചയുണ്ടാകും
? സർക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം 'സി സ്‌പേസ്" പ്രവർത്തനം.
ഒ.ടി.യിയിൽ ഇപ്പോൾ ഏതാണ്ട് 80 സിനിമയുണ്ട്. ഇതൊരു ഡിജിറ്റൽ ആർക്കേവിംഗ് കൂടിയാണ്.
? അത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ആയില്ലല്ലോ.
അതിനു കാരണമുണ്ട്. സിനിമാക്കാരൊക്കെ ആദ്യം പണം ചോദിച്ചു വാങ്ങാൻ ശ്രമിക്കും. നമുക്ക് കൊടുക്കാൻ പറ്റില്ല. വരുമാനത്തിന്റെ ഷെയർ ആണ് നമ്മൾ കൊടുക്കുന്നത്. അതിൽ അവർക്ക് താത്പര്യമില്ല. മാത്രമല്ല, കൂടുതൽ വിപുലമാക്കി വലിയ രീതിയിലാക്കാൻ വലിയ തുകയാകും. ഏത് സാംസ്കാരിക പ്രവർത്തനവും പതുക്കെയേ പച്ചപിടിക്കൂ.
? ഒരു സംവിധായിക ഇടയ്ക്ക് പ്രശ്നമുണ്ടാക്കാൻ വന്നിരുന്നല്ലോ.
ഒരു സിനിമ കെ.എസ്.എഫ്.ഡി.സിയിൽ നിർമ്മിച്ച ശേഷം അവർ തിരിച്ച് നമ്മളെ കുറ്റം പറയുകയായിരുന്നു. സിനിമാ നിർമ്മാണം പ്രതിസന്ധികൾ നിറഞ്ഞതാണ്. അത് തരണം ചെയ്യാൻ പഠിക്കുകയാണ് വേണ്ടത്. ഇന്നയാളുടെ കുഴപ്പം കൊണ്ടാണ് എന്തെങ്കിലുമൊന്ന് സംഭവിച്ചതെന്നു പറയാൻ എളുപ്പമാണ്. കെ.എസ്.എഫ്.ഡി.സി പദ്ധതി പ്രകാരം നമ്മൾ പത്തു സിനിമയെടുത്തു. ഈ സംവിധായികയുടെ ആദ്യത്തെ സിനിമ പതിനഞ്ചോളം ഫെസ്റ്റിവലുകൾക്ക് അയച്ചിരുന്നു. നല്ല സിനിമയെ ചീത്തയാക്കാനും ചീത്ത സിനിമയെ നല്ലതാക്കാനും കഴിയും.
? എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തുകയാണല്ലോ.
സിനിമ, ബിസിനസ് എന്ന ഭാഗത്തു മാത്രമായി നിൽക്കുകയാണ്. ഇവർ സിനിമയെ സാംസ്കാരിക പ്രവർത്തനമായി കാണുന്നില്ല. എല്ലാറ്റിനും പണമാണ് വേണ്ടത്. പണം അന്വേഷിച്ച് പോകുന്നതിൽ തെറ്റില്ലെന്ന് ഞാൻ പറയും. പക്ഷെ പണം മാത്രമായിട്ട് ആലോചിച്ചാൽ ശരിയാകുമോ? സിനിമയ്ക്കായി മുതൽമുടക്കിയ പണം കിട്ടുക എന്നത് ഒരു മലയാളിയുടെ ആവശ്യമാണ്.
ലോകത്ത് ചെറിയ പടങ്ങൾ ഇതിനേക്കാൾ പണം വാരുന്നുണ്ട്. അവരെയാണ് ക്രിയേറ്റേഴ്സ് എന്നു പറയുന്നത്. അത്തരം ക്രിയേറ്റേഴ്സിനെയാണ് നമുക്ക് നഷ്ടമാകുന്നത്. വ്യത്യസ്തമായ സിനിമ ചെയ്യാൻ താത്പര്യപ്പെടുന്നില്ല.
പല നിറത്തിലുള്ള പൂക്കൾ ഉണ്ടെങ്കിലേ ബൊക്കെയ്ക്ക് ഭംഗിയുണ്ടാകൂ. അതുപോലെ വേണം സിനിമയിലും. എന്നാൽ ഇപ്പോൾ സിനിമകളെല്ലാം ഒരുപോലെയിരിക്കുന്നു.
? ചീഫ് സെക്രട്ടറി ഉയർത്തിവിട്ട നിറവിവാദത്തെക്കുറിച്ച്.
നിറത്തിന്റെ പേരിൽ എനിക്ക് ഒരു അവഗണനയും ഉണ്ടായിട്ടില്ല. കറുപ്പ് വിവാദം എന്റെ മനസിലേക്ക് കടന്നുവന്നപ്പോൾ ചിന്തിച്ചത് ഇതാണ്. സിനിമ തന്നെ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്. ഫോട്ടോഗ്രാഫി തുടങ്ങുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണ്. ബ്ലാക്കുണ്ടങ്കിലേ വൈറ്റ് ഉള്ളൂ. സൗന്ദര്യത്തെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ ഇങ്ങനെയായത് എങ്ങനെ? അടിസ്ഥാനപരമായി വിദ്യാസമ്പന്നർ ആണെന്നാണ് നമ്മൾ പറയുന്നത്. അത്തരമൊരു സമൂഹത്തിൽ ഇത്തരമൊരു ചിന്ത നിലനിൽക്കുന്നത് എന്തായാലും നല്ലതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |