മുംബയ്: പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ (87) അന്തരിച്ചു. മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ദീർഘനാളുകളായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിച്ചു. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
നാല് പതിറ്റാണ്ട് ബോളിവുഡ് സിനിമകളിൽ സജീവമായിരുന്നു. 1957ൽ 'ഫാഷൻ' എന്ന ചിത്രത്തിലൂടെയാണ് മനോജ് കുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പുരബ് ഔർ പശ്ചിം, ക്രാന്തി തുടങ്ങിയ ദേശഭക്തി സിനിമകളിലൂടെയാണ് മനോജ് കുമാർ പ്രശസ്തനായത്. നിർമാതാവ് കൂടിയാണ്. പത്മശ്രീയും ദാദാ സാഹിബ് ഫാൽക്കെയുമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
1937ൽ ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ പാകിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ) വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ അബോട്ടാബാദിൽ ജനിച്ചു. ഹരികൃഷ്ണൻ ഗോസ്വാമി എന്നായിരുന്നു യഥാർത്ഥ പേര്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |