ടോൾ കമ്പനിയും എം.എൽ.എയും തമ്മിൽ ഡീലെന്നു കോൺഗ്രസ്
ചർച്ച നാടകമെന്നു ബി.ജെ.പി
വടക്കഞ്ചേരി: ഇതുവരെ തീരുമാനമാകാതെ കിടക്കുന്ന പന്നിയങ്കര ടോൾ വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഒഴികെയുള്ള സമരക്കാരെയും മറ്റു രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും പ്രവേശിപ്പിക്കാതെ എം.എൽ.എ ഓഫീസിന്റെ വാതിലടച്ച് ചർച്ച നടത്തിയതിൽ വ്യാപക പ്രതിഷേധം. സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾ എം.എൽ.എയുടെ നടപടിയിൽ ശക്തമായ പ്രതിഷേധത്തിലാണ്. പന്നിയങ്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ പരിധിയിൽ വസിക്കുന്നവർക്ക് ടോൾ സൗജന്യം നൽകണമെന്ന സർവകക്ഷിയോഗത്തിന്റെ ആവശ്യം ടോൾ കമ്പനി അംഗീകരിച്ചിട്ടില്ല. പ്രശ്ന പരിഹാരത്തിനായി മറ്റന്നാൾ സർവകക്ഷിയോഗം ചേരാനിരിക്കെയാണ് പി.പി.സുമോദ് എം.എൽ.എ, എ.ഡി.എം കെ.മണികണ്ഠൻ, ടോൾകമ്പനി മാനേജർ മുകുന്ദൻ, അജിത്ത് കുമാർ, ഡി.വൈ.എഫ്.ഐ നേതാക്കൾ തുടങ്ങിയവർ എം.എൽ.എ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയത്.
വാതിൽ അടച്ചിട്ടായിരുന്നു ചർച്ച. മറ്റാരെയും ഓഫീസിലേക്കു പ്രവേശിപ്പിച്ചില്ല. ഒന്നരയോടെ വാതിൽതുറന്ന് എം.എൽ.എയും എ.ഡി.എമ്മും ഒഴികെ മറ്റുള്ളവരെല്ലാം പുറത്തുപോയി. പിന്നീട് സമരക്കാരും മറ്റു രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എൽ.എയും എഡിഎമ്മുമായി തർക്കം നടന്നു. വിവരമറിഞ്ഞ് വടക്കഞ്ചേരി സി.ഐ കെ.പി.ബെന്നിയുടെ
നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്ക് 12ന് എ.ഡി.എമ്മിനെ പങ്കെടുപ്പിച്ച് റെസ്റ്റ്ഹൗസിൽ യോഗം നടത്തുമെന്നായിരുന്നു രാവിലെ എം.എൽ.എ ടോൾപ്ലാസയിൽ സമരക്കാരോടു പറഞ്ഞത്. ഇതനുസരിച്ച് 12നുതന്നെ എല്ലാ വിഭാഗം പ്രതിനിധികളും റെസ്റ്റ്ഹൗസിലെത്തി. എന്നാൽ ഇതിനിടെ എ.ഡി.എമ്മും എം.എൽ.എയും ടോൾകമ്പനി പ്രതിനിധികളും എം.എൽ.എ ഓഫീസിൽ കൂടിക്കാഴ്ച തുടങ്ങിയിരുന്നു. 12ന് ആരംഭിക്കുമെന്നുപറഞ്ഞ യോഗത്തിലേക്ക് എം.എൽ.എയും എ.ഡി.എമ്മും ഒരുമണിയായിട്ടും എത്താതായപ്പോഴാണു റെസ്റ്റ്ഹൗസിലുണ്ടായിരുന്നവരെല്ലാം എം.എൽ.എ ഓഫീസിൽ എത്തിയത്. എം.എൽ.എ ടോൾ കമ്പനിയുമായി 7.5 കിലോമീറ്റർ പരിധിയിൽ ഡീൽ ഉറപ്പിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇല്ല്യാസ് പടിഞ്ഞാറെകളം ആരോപിച്ചു. കമ്മീഷൻ വാങ്ങാനാണ് മറ്റെല്ലാവരേയും ഒഴിവാക്കി എം.എൽ.എ ചർച്ച നടത്തിയത്. ടോൾ വിഷയത്തിൽ എംഎൽഎ ടോൾ കമ്പനിയുമായി എന്ത് ഒത്തുതീർപ്പുണ്ടാക്കിയാലും 10 കിലോമീറ്റർ പരിധിയിൽ സൗജന്യമെന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ബി.ജെ.പി വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗുരു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |