മധുര: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാവിജയൻ മാസപ്പടി കേസിൽ പ്രതിചേർക്കപ്പെട്ടത് സി.പി.എം പാർട്ടി കോൺഗ്രസിന്റെ ആവേശാന്തരീക്ഷത്തിൽ മ്ളാനത പരത്തിയെങ്കിലും പാർട്ടിയും നേതാക്കളും ഒരുപോലെ പിന്തുണയുമായി പ്രതിരോധക്കോട്ട തീർക്കുന്നു. വ്യാഴാഴ്ച വൈകിട്ട് എസ്.എഫ്.ഐ .ഒ നീക്കത്തെക്കുറിച്ച് വാർത്ത പരന്നതോടെ അങ്കലാപ്പ് ഉയർന്നെങ്കിലും, ഇന്നലെ രാവിലെ പ്രമുഖ നേതാക്കളെല്ലാം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നം വയ്ക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.
എസ്.എഫ്.ഐ.ഒയുടെ നടപടി രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. ആരോപണങ്ങൾ ഒരു വിധത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ ബാധിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും വ്യക്തമാക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, കെ.കെ.ശൈലജ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്,എം.ബി.രാജേഷ് എന്നിവരും എസ്.എഫ്.ഐ.ഒ നടപടിക്കെതിരെ പ്രതികരിച്ചു.
വീണാവിജയനെ പ്രതിചേർത്ത എസ്.എഫ്.ഐ.ഒ നാടകത്തിന് പിന്നിൽ കൃത്യമായ അജൻഡയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള കേസ് ഡൽഹി ഹൈക്കോടതിയിൽ വിധി പറയേണ്ട ഘട്ടമെത്തിയപ്പോഴാണ് ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. വിശദമായ വാദം ജൂലായിൽ കേൾക്കാമെന്ന് കോടതി പറഞ്ഞതിനിടയിലാണ് ഇപ്പോഴത്തെ നാടകം. നിയമപരമായി കേസ് നിലനിൽക്കില്ല.
കുറ്റപത്രം സമർപ്പിച്ചു
അറസ്റ്റ് അനിവാര്യമല്ലെന്ന് നിയമവൃത്തങ്ങൾ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ പ്രതിയായ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസി(എസ്.എഫ്.ഐ.ഒ)ന്റെ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണസംഘം ആദ്യം കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതി (7)ക്ക് ഫയൽ കൈമാറുകയായിരുന്നു.
സി.എം.ആർ.എല്ലും വീണയുടെ കമ്പനിയായ എക്സാലോജിക്കും ചേർന്ന് ഇല്ലാത്ത സേവനങ്ങളുടെ പേരിൽ 2.7 കോടി രൂപയുടെ സാമ്പത്തിക വഞ്ചന നടത്തിയെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തൽ. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തുടരന്വേഷണമടക്കമുള്ള നടപടികളിലേക്ക് കടക്കാം. കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് സമൻസ് അയയ്ക്കുമെന്നും സൂചനയുണ്ട്.
കമ്പനി ആക്ട് പ്രകാരമുള്ള കേസായതിനാൽ അറസ്റ്ര് അനിവാര്യമല്ലെന്ന് നിയമവിദഗ്ദ്ധർ പറഞ്ഞു. കോടതിയിൽ നിന്ന് ജാമ്യമെടുക്കാനാകും. വീണയ്‌ക്ക് സ്ത്രീയെന്ന ആനുകൂല്യവും ലഭിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |