ചാലക്കുടി: പുലിയെ കീഴടക്കാൻ രണ്ട് ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ പ്രയ്‌നം തുടരുമ്പോഴും പിടികൊടുക്കാതെ പ്രദേശത്തെ ഭീതിയിലാക്കി പുലി. ചാലക്കുടിപ്പുഴയുടെ ഇടതുവലതുകര പ്രദേശങ്ങളിലൂടെ പുലിയുടെ സഞ്ചാരം തുടരുകയാണ്. ഇന്നലെ പുലർച്ചെ ഡി. സിനിമാസിന് സമീപത്തെ കടവിലൂടെ പുലി നടന്നുപോകുന്നത് സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. രണ്ടുദിവസം മുമ്പ് കണ്ണമ്പുഴ ക്ഷേത്ര പറമ്പിടത്തും ഇതിന്റെ സഞ്ചാരമുണ്ടായി. ഇതിനിടയിൽ മറുകരയിലെ കാടുകുറ്റി ഭാഗത്തും പുലിയെ കണ്ടുവെന്ന് പറയുന്നു. പുലിയെ പിടികൂടാൻ വനം വകുപ്പിന്റെ ദൗത്യ സംഘം വിശ്രമമില്ലാതെ പ്രയത്‌നിക്കുന്നുണ്ട്. വാഴച്ചാൽ ഡിവിഷനിൽ 15ഉം ചാലക്കുടിയിൽ ഇരുപത്തിയഞ്ച് പേരും ദൗത്യ സംഘത്തിലുണ്ട്. കണ്ണമ്പുഴ മേഖലയിൽ സ്ഥാപിച്ച കെണിക്കൂടുകൾക്ക് സമീപത്തുകൂടി പുലി സഞ്ചരിക്കുന്നതായി സ്വകാര്യ വ്യക്തികളുടെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. പുലിയെ കണ്ടാൽ വയ്ക്കുവെടി വയ്ക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്നും ഇതിന്റെ ഉത്തരവ് ലഭ്യമാക്കുകയും ചെയ്തു.
അഞ്ച് സി.സി.ടി.വി ക്യാമറകൾ കൂടി
കണ്ണമ്പുഴ മേഖലയിൽ സ്ഥാപിച്ച കെണിക്കൂടുകൾക്ക് സമീപം 40 ക്യാമറാ ട്രാപ്പും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചയോടെ ഇവിടെ അഞ്ച് സി.സി.ടി.വി ക്യാമറകൾ ഘടിപ്പിക്കും. കാടുകുറ്റി മേഖലയിൽ രണ്ടാമത്തെ കൂടും എത്തിച്ചു. ശനിയാഴ്ചയാണ് പ്രദേശത്ത് സി.സി.ടി.വി ക്യാമറകൾ വയ്ക്കുന്നത്. ഇന്നലെ ഇവ എത്തിച്ചെങ്കിലും സുരക്ഷിതമായി വയ്ക്കാനുള്ള സംവിധാനമായില്ല. 29 ക്യാമറ ട്രാപ്പുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇരു സ്ഥലങ്ങളിലും ഇതുവരെ വനം വകുപ്പിന്റെ ക്യാമറ ട്രാപ്പിൽ പുലിയുടെ ചിത്രം പതിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് സി.സി.ടി.വി ക്യാമറകൾ പരീക്ഷിക്കുന്നത്.
വളർത്തുനായയെ ആക്രമിച്ചതായി പരാതി
അതിരപ്പിള്ളിയിലെ കണ്ണൻകുഴിയിൽ പുലിയെത്തി വളർത്തുനായയെ കൊണ്ടുപോയതായി വീട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. പെരുമ്പിള്ളി വത്സന്റെ വീട്ടിലെ നായയെയാണ് ഇന്നലെ പുലർച്ച പുലി കൊണ്ടു പോയത്. ഇതിന്റെ ഒരു കാൽ സമീപത്തെ കാട്ടിൽ കണ്ടെത്തി. ചാർപ്പ റേഞ്ച് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |