തൃശൂർ: പ്രായപൂർത്തിയാകാത്തവരെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് വിൽപ്പന ജില്ലയിൽ വ്യാപകമാക്കി മാഫിയ സംഘങ്ങൾ. പൊലീസിന്റെയും എക്‌സൈസിന്റെയും നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചാണ് മാഫിയ സംഘത്തിന്റെ കുട്ടികളിലൂടെയുള്ള വിപണനം. വിൽപ്പനയ്ക്കായി ധാരാളം പണം ലഭിക്കുന്നതിനാൽ കൂടുതൽ കുട്ടികൾ രംഗത്തിറങ്ങുകയാണ്. 13 വയസ് പ്രായമുള്ള കുട്ടികളെ വരെ ഇതിനായി ഉപയോഗപ്പെടുത്തുന്നതായാണ് എക്‌സൈസിന്റെ കണക്കുകൾ. ഓരോ ദിവസങ്ങളിലും പല സ്ഥലങ്ങളിൽ ബൈക്കിലെത്തിയാണ് മയക്കുമരുന്നും കഞ്ചാവും കൈമാറുന്നത്. ഇപ്പോൾ കഞ്ചാവ്, സ്റ്റാമ്പ് പോലുള്ള ലഹരി മരുന്നുകൾ ജില്ലയിൽ സുലഭമാണ്. ബാംഗളൂരിൽ നിന്ന് എത്തിക്കുന്ന മയക്കു മരുന്ന് തൃശൂർ ജില്ലയിലേക്കും പിന്നീട് ആലുവ ഭാഗങ്ങളിലേക്കുമാണ് കൊണ്ടുപോകുന്നത്. സ്‌കൂൾ അടച്ചെങ്കിലും വിദ്യാർഥികളെ പല കാരണങ്ങൾ പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചു വരുത്തിയാണ് വിൽപന സജീവമാക്കുന്നതെന്ന് പറയുന്നു.
രക്ഷപെടാൻ എളുപ്പം
പ്രായപൂർത്തിയാകാത്തവർ കേസിൽ പെട്ടാൽ രക്ഷപെടാൻ എളുപ്പമാണെന്ന് ബോധ്യപ്പെടുത്തിയാണ് പല വിദ്യാർഥികളെയും മാഫിയ സംഘം വീഴ്ത്തുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് 4000 രൂപ ഫൈനടച്ചാൽ രക്ഷപെടാൻ കഴിയും. ജുവൈനൽ ജസ്റ്റിസ് ബോർഡാണ് ജാമ്യം നൽകുന്നത്. ഇവരുടെ പേരും ഫോട്ടോയും മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കില്ലെന്നതും ഇവർക്ക് അനുകൂലമാണ്. ഈ സാഹചര്യങ്ങൾ മനസിലാക്കിയാണ് കുട്ടികൾ ധൈര്യമായി ലഹരി വിൽപ്പനയ്ക്ക് ഇറങ്ങുന്നത്.
കേസുകളുടെ എണ്ണം കൂടുന്നു
പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള കേസുകളുടെ എണ്ണം കൂടിവരികയാണെന്നാണ് എക്‌സൈസിന്റെ കണക്കുകൾ തെളിയിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് തന്നെ കഴിഞ്ഞ വർഷം 55 കുട്ടികൾക്കെതിരേയാണ് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ്(എൻ.ഡി.പി.എസ്) കേസുകൾ എടുത്തത്. രണ്ടു മാസത്തിനുള്ളിൽ തൃശൂർ ജില്ലയിൽ തന്നെ കേസുകളുടെ എണ്ണം വർദ്ധിച്ചു.
കടത്തിയാൽ 5000 രൂപ വരെ
ഒഡിഷ, ബംഗാൾ ട്രെയിനുകൾ വഴിയും മയക്കുമരുന്നും കഞ്ചാവും കടത്തുന്നവർ നിരവധിയാണ്. സ്ത്രീകളെയും കുട്ടികളെയും കരിയർമാരാക്കിയാണ് മാഫിയ സംഘത്തിന്റെ പദ്ധതി. കഞ്ചാവ് കടത്തിയാൽ 5000 രൂപ വരെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും നൽകുന്നതെന്നാണ് വിവരം. റെയിൽവേ സ്റ്റേഷൻ വഴി കഞ്ചാവ് കടത്ത് വ്യാപകമാകുന്നുവെന്ന് മനസിലാക്കിയതോടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. എന്നാൽ തൃശൂർ സ്‌റ്റേഷനിലിറങ്ങാതെ അതിനു മുമ്പോ, ശേഷമോ ഇറക്കിയാണ് സംഘം കഞ്ചാവും ലഹരി മരുന്നും കൈപ്പറ്റുന്നതെന്നും സൂചനയുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണ്. മാതാപിതാക്കളെ വിളിച്ചുവരുത്തി ഒട്ടുമിക്കവരെയും ഉപദേശിച്ച് വിടുകയാണ് ചെയ്യുന്നത്. ഉപദേശിച്ചിട്ടും കാര്യമില്ലെന്ന് കാണുന്നവർക്കെതിരെയാണ് കേസെടുക്കുന്നത്.എ.ടി. ജോബി
എക്‌സൈസ്
അസിസ്റ്റന്റ് കമ്മീഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |