കൊച്ചി: ടാർജറ്റ് തികയ്ക്കാത്തതിന് ജീവനക്കാരെ ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഡയറക്ട് മാർക്കറ്റിംഗ് കമ്പനിക്കെതിരെ രംഗത്തുവന്ന മുൻ ജീവനക്കാരൻ മനാഫിനെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ഡയറക്ട് മാർക്കറ്റിംഗ് കമ്പനിയായ പെരുമ്പാവൂർ കെൽട്രോയിലെ ജീവനക്കാരിയുടെ പരാതിയിൽ സ്ത്രീത്വത്തെ അവഹേളിച്ചതിനാണ് കേസ്. കെൽട്രോ ജനറൽ മാനേജരാണ് മനാഫ്.
അതേസമയം, കഴുത്തിൽ ബെൽറ്റിട്ട് മുട്ടിലിഴഞ്ഞ രണ്ടു യുവാക്കൾ ഇക്കാര്യത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇന്നലെ മൊഴി നൽകി.
ട്രെയിനിംഗിനായി ടീം മീറ്റിംഗ് വിളിച്ചുകൂട്ടി പതിവായി ചെയ്യുന്ന കാര്യങ്ങളാണിവ.
ചിരിച്ചുകൊണ്ടാണ് ചെയ്യാറ്. നാലു മാസം മുമ്പെടുത്ത വീഡിയോ പ്രചരിപ്പിച്ചതിലൂടെ വലിയ മാനഹാനിയുണ്ടായി. എം.ഡിയും മനാഫും തമ്മിലുള്ള തർക്കത്തിൽ ഇരകളായെന്നാണ്
ജെറിൻ, ഹാഷിം എന്നിവർ പറഞ്ഞത്. ഇൻസെന്റീവുൾപ്പെടെ മാസം ശരാശരി 18000 രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും ഇവർ മൊഴി നൽകി.എറണാകുളം ജില്ലാ ലേബർ ഓഫീസർ ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പെരുമ്പാവൂരിൽ വച്ച് മൊഴിയെടുത്തത്. വീഡിയോ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പരാതി നൽകാനും ഇവർ ആലോചിക്കുന്നുണ്ട്.
പരാതി വന്നാൽ
കർശന നടപടി
ഇരകൾക്ക് പരാതിയില്ലെന്ന റിപ്പോർട്ട് അയച്ചെങ്കിലും ഇനി പരാതിയുമായി ആരു വന്നാലും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ ജി. വിനോദ് കുമാർ പറഞ്ഞു. കെൽട്രോ എന്ന സ്ഥാപനത്തിന് രജിസ്ട്രേഷനും മറ്റുമുണ്ടോയെന്ന കാര്യം പരിശോധിക്കും. ഇവർക്ക് ഡോർ ടു ഡോർ വില്പനയ്ക്ക് സാധനങ്ങൾ നൽകുന്ന പാലാരിവട്ടത്തെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ നിന്ന് ഇതുപോലുള്ള ഏജന്റുമാരുടെ വിവരങ്ങൾ ശേഖരിച്ച് ഇന്നു മുതൽ പരിശോധന ആരംഭിക്കും. വീഴ്ചകൾ ഉണ്ടെങ്കിലും പരാതികൾ വന്നാലും ഉടൻ നടപടി ഉണ്ടാകുമെന്ന് വിനോദ് കുമാർ പറഞ്ഞു.
വിശദ അന്വേഷണം വേണം: വി. ശിവൻകുട്ടി
തിരുവനന്തപുരം: കൊച്ചിയിലെ തൊഴിൽ പീഡനം സംബന്ധിച്ച് വിശദ അന്വേഷണം ആവശ്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നാലുമാസങ്ങൾക്ക് മുമ്പുണ്ടായ സംഭവമാണിത്. ജില്ലാ ലേബർ ഓഫീസറുമായി സംസാരിച്ചപ്പോൾ കഴിഞ്ഞ ദിവസം പുറത്തുവന്നതു പോലെയല്ല കാര്യങ്ങളെന്നാണ് മനസിലായത്. കൃത്യമായ വിവരം ലഭിക്കാതെ നിയമപരമായി ഒരു കാര്യവും ചെയ്യാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
സംഭവത്തിൽ വ്യക്തിവൈരാഗ്യത്തിന്റെ പ്രശ്നമുണ്ട്. സൗഹാർദ്ദപരമായി നടപ്പാക്കിയതാണെന്ന വാദവുമുണ്ട്. സംഭവം കണ്ടവരാരും പരാതിയുമായി വന്നിട്ടില്ല. അതിനാൽ വിശദമായി അന്വേഷിച്ച് രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാൻ ലേബർ ഓഫീസറോട് നിർദ്ദേശിച്ചിട്ടുണ്ട്. ലഭിക്കുന്ന റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഐ.എ.എസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |