മലപ്പുറം: ആശുപത്രിയിൽ ചികിത്സ തേടാതെ കോഡൂർ ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. പെരുമ്പാവൂർ അറയ്ക്കപ്പടി മോട്ടികോളനിയിൽ കൊപ്പറമ്പിൽ വീട്ടിൽ പരേതനായ ഇബ്രാഹിം മുസ്‌ലിയാരുടെ മകൾ അസ്മയാണ് (35) മരിച്ചത്. അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു. ഭാര്യ ആശുപത്രിയിൽ പ്രസവിക്കുന്നതിന് കടുത്ത എതിർപ്പുയർത്തിയ ഭർത്താവ് അമ്പലപ്പുഴ വളഞ്ഞവഴി നീർക്കുന്നം സിറാജ് മൻസിലിലെ സിറാജുദ്ദീനെതിരെ (38) ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
മരണവിവരം ആരെയും അറിയിക്കാതെ അസ്മയുടെ മൃതദേഹവും നവജാത ശിശുവിനെയും സിറാജുദ്ദീൻ ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. സംശയം തോന്നിയ ആംബുലൻസ് ഡ്രൈവർ രഹസ്യമായി പൊലീസിനെ വിവരമറിയിച്ചു. പുലർച്ചയോടെ ആംബുലൻസ് പെരുമ്പാവൂരിൽ എത്തിയപ്പോൾ പൊലീസ് ഇടപെട്ട്മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടം നടത്തും.
അസ്മയുടെ ബന്ധുക്കളെത്തി കുഞ്ഞിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുഞ്ഞിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് അസ്മ ആൺകുട്ടിക്ക് ജന്മം നൽകിയത്. സിറാജുദ്ദീനും നാല് ചെറിയ മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രസവത്തിന് പിന്നാലെ അസ്മ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചു. മൂന്ന് മണിക്കൂറോളം ജീവനായി മല്ലിട്ട് ഒമ്പതോടെ മരിച്ചു.
മരണവിവരം അറിയിച്ചില്ല
മരണവിവരം അയൽവാസികളെയോ ബന്ധുക്കളേയോ അറിയിക്കാതെയാണ് സിറാജുദ്ദീൻ മൃതദേഹവുമായി ആംബുലൻസിൽ രാത്രിയിൽ തന്നെ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് തിരിച്ചത്. അക്യുപങ് ചർ, സിദ്ധ ചികിത്സ നടത്തുന്ന സിറാജുദ്ദീൻ മടവൂർ കാഫിലയെന്ന പേരിൽ ആത്മീയ യുട്യൂബ് ചാനലും നടത്തുന്നുണ്ട്. തന്റെ അഞ്ച് അനുയായികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് മൃതദേഹം ആംബുലൻസിലേക്ക് കയറ്റിയത്. ഭാര്യയ്ക്ക് ശ്വാസതടസമാണെന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. രാത്രി 12ഓടെ യാത്രയ്ക്കിടയിലാണ് അസ്മ മരിച്ച വിവരം ബന്ധുക്കളെ ഇയാൾ അറിയിച്ചത്.
ആശാപ്രവർത്തകയോടും പറഞ്ഞില്ല
ജനുവരിയിൽ ആരോഗ്യ സർവേയ്ക്കായി ആശ പ്രവർത്തക ഇവരുടെ വീട്ടിലെത്തിയെങ്കിലും വാതിൽ തുറക്കാതെ ജനലിലൂടെയാണ് അസ്മ സംസാരിച്ചത്. ഗർഭിണിയാണോയെന്ന ചോദ്യത്തിന് അല്ലെന്ന് മറുപടി നൽകി. ഒന്നര വർഷമായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും കുടുംബം നാട്ടുകാരുമായി ബന്ധം പുലർത്തിയിരുന്നില്ല. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലും പിന്നീടുള്ളവ വീട്ടിലും ആയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പ്രസവത്തിന് ആശുപത്രി ചികിത്സ ആവശ്യമില്ലെന്ന് സിറാജുദ്ദീൻ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. യുവതിയുടെ ബന്ധുക്കളുടെ കൈയേറ്റത്തിനിരയായ സിറാജുദ്ദീനെ പെരുമ്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |