തിരുവനന്തപുരം: ഇരുതലമൂരി കടത്തുകേസിലെ പ്രതികളെ ഒഴിവാക്കാൻ 1.45 ലക്ഷം കൈക്കൂലി വാങ്ങിയ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ.സുധീഷ് കുമാറിനെ വിജിലൻസ് ഇന്നലെ അറസ്റ്റ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരിക്കേ ഇരുതലമൂരിയെ കടത്തുന്നതിനിടെ പിടിയിലായ വാഹനയുടമയെയും പ്രതികളെയും രക്ഷിക്കാൻ ഗൂഗിൾ പേയിലൂടെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വനം വിജിലൻസിന്റെ ശുപാർശയിലാണ് നടപടി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഷനിലായിരുന്ന സുധീഷ്, രണ്ട് മാസത്തിന് മുമ്പാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
2023 മാർച്ചിൽ ഇരുതലമൂരിയെ കടത്താനുപയോഗിച്ച ടയോട്ട ക്വാളിസ് വാഹനവും ഉടമയും പ്രതികളുമായ സജിത്ത്,രാജ്പാൽ എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും രക്ഷപെടുത്തുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ രാജ്പാലിന്റെ ബന്ധു നൽകിയ ഒരുലക്ഷം രൂപയും സജിത്തിന്റെ സഹോദരിയുടെ ഗൂഗിൾ പേയിലൂടെ 45,000 രൂപയും കൈക്കൂലി വാങ്ങിയതായി വനംവകുപ്പ് കണ്ടെത്തി. ഇതേത്തുടർന്ന് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയും ഡ്രൈവർ ദീപുവിനെയും സസ്പെൻഡ് ചെയ്തു.എന്നാൽ, സസ്പെൻഷൻ ഉത്തരവിലെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി സുധീഷ് നൽകിയ ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സസ്പെൻഷൻ റദ്ദാക്കി.ഇതോടെയാണ് രണ്ട് മാസത്തിന് മുമ്പ് സുധീഷ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
ഇരുതലമൂരി കടത്ത് സംഘങ്ങൾക്ക് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് വനം വിജിലൻസ് കണ്ടെത്തിയിരുന്നു.ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനിടെയാണ് റേഞ്ച് ഓഫീസർ പിടിയിലാകുന്നത്. ഇതോടെ, ഇവരുമായി ബന്ധമുള്ള മറ്റ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് വിജിലൻസിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |