കൊച്ചി: ഹരിത ഇന്ധനം ഉപയോഗിച്ച് രാജ്യത്ത് നിര്‍മ്മിക്കുന്ന 16 ഗ്രീന്‍ ടഗ്ഗുകളില്‍ ആദ്യത്തെ രണ്ടെണ്ണത്തിന്റെ നിര്‍മ്മാണത്തിന് കൊച്ചി കപ്പല്‍ശാലയില്‍ തുടക്കമായി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കപ്പല്‍ നിര്‍മ്മാണശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രോആര്‍ക്ക് സി.എന്‍.സി പ്ലാസ്മ കം ഓക്സി ഫ്യുവല്‍ പ്ലേറ്റ് കട്ടിംഗ് മെഷീനും മന്ത്രി ഉദ്ഘാടനം ചെയ്തു.
ഹൈബ്രിഡ്, ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ടഗ്ഗുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാണ് കൊച്ചി കപ്പല്‍ശാല. റോബര്‍ട്ട് അലന്‍ ലിമിറ്റഡ്, ഇന്ത്യന്‍ രജിസ്ട്രാര്‍ ഒഫ് ഷിപ്പിംഗ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് വലിയ പിന്തുണയാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
സമുദ്രമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഉഷസ് പദ്ധതിയില്‍ തിരഞ്ഞെടുത്ത മൂന്നു കമ്പനികള്‍ക്ക് മന്ത്രി ചെക്ക് കൈമാറി. കപ്പല്‍ശാല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍, മാരിടൈം സര്‍വകലാശാല വൈസ് ചാന്‍സലര്‍ മാലിനി ശങ്കര്‍, കൊച്ചി തുറമുഖ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കാശി വിശ്വനാഥന്‍, വിഴിഞ്ഞം സീപോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ദിവ്യ എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |