ചെന്നൈ: ട്രെയിനുകളുടെ പുതിയ കോച്ചുകള്‍ നിര്‍മിക്കുന്നതില്‍ റെക്കോഡ് നേട്ടവുമായി ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് മാസം 31 വരെയുള്ള തീയതികളില്‍ 3007 കോച്ചുകളാണ് പുതിയതായി നിര്‍മിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ പുതിയതായി നിര്‍മിച്ച കോച്ചുകളുടെ എണ്ണം മൂവായിരം കവിയുന്നത്. പുതിയതായി സര്‍വീസ് ആരംഭിക്കാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍, വന്ദേഭാരത് ചെയര്‍ കാര്‍, മെമു എന്നിവയുടെ 1169 കോച്ചുകളും 1838 എല്‍എച്ച്ബി കോച്ചുകളുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇതാദ്യമായിട്ടാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ കോച്ചുകള്‍ നിര്‍മിച്ചത്. 16 റേക്കുള്ള ട്രെയിന്‍ ആണ് നിര്‍മിച്ചിട്ടുള്ളത്. ചെയര്‍ കാറുകള്‍ വന്‍ ഹിറ്റായി ഓടുന്ന വന്ദേഭാരതിന്റെ സ്ലീപ്പര്‍ പതിപ്പിനെ വലിയ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാത്തിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ തന്നെ സ്ലീപ്പര്‍ പതിപ്പ് സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തോടെ ആദ്യ സര്‍വീസുണ്ടാകുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രഖ്യാപിച്ചത്.
പുതിയ കോച്ചുകളുടെ നിര്‍മാണം വര്‍ദ്ധിപ്പിച്ചതിലൂടെ പഴകി ദ്രവിച്ചതും തുരുമ്പിച്ചതുമായ കോച്ചുകളുമായി സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകള്‍ റെയില്‍വേ പിന്‍വലിക്കാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ അത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം പുത്തന്‍ അനുഭവം സമ്മാനിക്കുന്ന ഒന്ന് കൂടിയായിരിക്കും. ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിലിന്റെ നിര്‍മാണവും ഐ.സി.എഫിലായിരുന്നു. ഈ ട്രെയിനുകളുടെ കൂടുതല്‍ റേക്കുകളുടെ നിര്‍മാണവും ഐ.സി.എഫില്‍ ഉടന്‍ ആരംഭിക്കും.
ഇന്ത്യന്‍ റെയില്‍വേ കോച്ച് നിര്‍മാണത്തില്‍ ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിച്ചു. ഐസിഎഫിലെ 3007 കോച്ചുകള്‍ക്ക് പുറമേ കര്‍ത്താപൂര്‍ (പഞ്ചാബ്) കോച്ച് ഫാക്ടറിയില്‍ 2102 കോച്ചുകളും, റായ്ബറേലിയിലെ (ഉത്തര്‍പ്രദേശ്) മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ 2025 കോച്ചുകളും ഉള്‍പ്പെടെ 7134 കോച്ചുകളാണ് കഴിഞ്ഞ വര്‍ഷം പുതിയതായി നിര്‍മ്മിച്ചത്. ഇതില്‍ ഭൂരിഭാഗവും നോണ്‍ എ.സി കോച്ചുകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |