വെള്ളാപ്പള്ളിക്ക് ചേർത്തലയുടെ സ്നേഹാദരം
ചേർത്തല : എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിൽ മൂന്ന് പയിറ്റാണ്ടു പിന്നിടുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവുമായി ചേർത്തല യൂണിയൻ ഒരുക്കിയ മഹാസംഗമം ജനപങ്കാളിത്തം കൊണ്ടും പ്രമുഖവ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടും ഉജ്ജ്വലമായി മാറി. ജന്മനാടിന്റെ ആദരം വെള്ളാപ്പള്ളി ഏറ്റുവാങ്ങുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും നാലു മന്ത്രിമാരുമടക്കമാണ് പങ്കെടുക്കാനെത്തിയത്.
കുടുംബയൂണിറ്റുകളിൽ നിന്നും ശാഖായോഗങ്ങളിൽനിന്നും മേഖലാതലങ്ങളിൽ നിന്നും പതിനായിരങ്ങൾ ഒഴുകിയെത്തിയ മഹാസംഗമം ചേർത്തലയിൽ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ കരുത്തുതെളിയിക്കുന്നതായി മാറി. യൂണിയൻ തലത്തിലായിരുന്നു സ്വീകരണമെങ്കിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യൂണിയൻ ഭാരവാഹികളും സംഘടനകളും ജനറൽസെക്രട്ടറിക്ക് ആശംസകളുമായെത്തി. ചടങ്ങ് കേരളം മുഴുവൻ ഏറ്റെടുത്ത പ്രതീതിയായിരുന്നു.
ചേർത്തല യൂണിയൻ നൽകിയ സ്വീകരണത്തിന് പുറമേ 50 ഓളം സ്വീകരണങ്ങളാണ് സമ്മേളനത്തിൽ നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളുമെല്ലാം വെള്ളാപ്പള്ളിക്കു വാക്കുകൾകൊണ്ടു നൽകിയ ആദരവ് നിറഞ്ഞ കൈയ്യടിയോടെയും,ആവേശത്തോടെയായിരുന്നു സദസ് സ്വീകരിച്ചത്. മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളി നടേശനെയും ഒന്നിച്ചു വലിയ ഹാരമണിയിച്ചാണ് വിവിധ സംഘടനകൾ സ്വീകരിച്ചത്.ഒരുമാസത്തിനും മുന്നേതന്നെ അടിത്തട്ടിൽ നിന്നും തുടങ്ങിയ പ്രവർത്തനങ്ങളാണ് മഹാസംഗമത്തിന്റെ വിജയത്തിന് വഴിതെളിച്ചത്. മൂന്നരയോടെ തന്നെ ശ്രീനാരായണമെമ്മോറിയൽ ബോയ്സ് സ്കൂൾമൈതാനം ജനങ്ങളാൽ നിറഞ്ഞിരുന്നു. പൊലീസും വോളണ്ടിയർമാരും ഭാരവാഹികളും കൃത്യമായ ആസൂത്രണത്തിലൂടെയാണ് തിരക്ക് ക്രമീകരിച്ചത്.
മുഖ്യമന്ത്രിയെ സ്വീകരിച്ച് തുഷാർ
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവൊരുക്കി ചേർത്തല യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ് ബൊക്കെ നൽകി സ്വീകരിച്ചത്. തുടർന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൈപിടിച്ച് മുഖ്യമന്ത്രിയെ വരവേറ്റു. വേദിയിലേയ്ക്ക് എത്തിയ ഇരുവരും ചേർന്ന് സദസിനെ കൈപിടിച്ച് ഉയർത്തി അഭിവാദ്യം ചെയ്തു. സദസ് മുഴുവൻ ഏഴുന്നേറ്റ് പ്രത്യഭിവാദ്യം അർപ്പിച്ചു. വേനൽ ചൂടിനെ അകറ്റാൻ സംഘാടകർ നൽകിയ വിശറിയും,കൈയ്യുമുയർത്തിയാണ് സദസ് അഭിവാദ്യം അർപ്പിച്ചത്.
സംഘാടകസമിതി ചെയർമാൻ കെ.പി.നടരാജൻ,കൺവീനർ പി.ഡി.ഗഗാറിൻ,യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ,യോഗം കൗൺസിലർ പി.ടി.മന്മഥൻ, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ പി.എസ്.ജ്യോതിസ്,മേഖലാ ഭാരവാഹികളായ കെ.എൽ.അശോകൻ,ബിജുദാസ്,തൃദീപ് കുമാർ,പി.ജി.രവീന്ദ്രൻ,അനിൽഇന്ദീവരം,ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ,വനിതാ സംഘം ഭാരവാഹികളായ ബിൻസി,സുനിതാസേതുനാഥ് തുടങ്ങിയർ നേതൃത്വം നൽകി.
ബോയ്സ് സ്‌കൂളിനു മുഖ്യമന്ത്രിയുടെ 'ആദരം'
ശ്രീനാരായണഗുരു വിദ്യാഭ്യാസത്തിനായി വിട്ടുനൽകിയ ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് എച്ച്.എസ്.എസിന് പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദരം.ലോകത്തിന് വലിയ സന്ദേശം നൽകിയ ഗുരുവിന്റെ പാദസ്പർശമേറ്റു പവിത്രമായതും ഓർമ്മകൾ നിറയുന്നതുമായ മണ്ണിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് സന്തോഷകരമാണ്. ലോകത്തിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത സ്കൂളാണിത്.വയലാർരാമവർമ്മയും,കെ.ആർ.ഗൗരിയമ്മയും,സുശീല ഗോപാലനും,സി.കെ.ചന്ദ്രപ്പനും,എ.കെ.ആന്റണിയും,വയലാർരവിയുമെല്ലാം പഠിച്ചു വിവിധ മേഖലകളിലേക്കുയർന്നത് ഇവിടെനിന്നാണെന്നും ഇതിന്റെ പാരമ്പര്യം കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മത്സരങ്ങളിൽ മാടക്കൽ ശാഖക്ക് നേട്ടം
മഹാസംഗമത്തിനു മുന്നോടിയായി ശാഖാതലങ്ങളിൽ നടന്ന മത്സരങ്ങളിൽ മാടക്കൽ 729ാം നമ്പർ ശാഖായോഗം വിജയികളായി. എൻ.പി.തണ്ടാരുടെയും യൂണിയൻ മുൻ സെക്രട്ടറി സി.കെ.സുരേന്ദ്രന്റെയും സ്മരണക്കായി പി.എസ്.ജ്യോതിസ് ഏർപ്പെടുത്തിയ ഒരുലക്ഷംരൂപയുടെ കാഷ് അവാർഡ് ജ്യോതിഷ് മഹാദേവൻ ജനറൽ സെക്രട്ടറിക്കു കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |