ചില്ലറ വില സൂചിക 3.34 ശതമാനമായി താഴ്ന്നു
കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസം പകർന്ന് മാർച്ചിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം അഞ്ച് വർഷത്തെ താഴ്ന്ന നിരക്കായ 3.34 ശതമാനത്തിലെത്തി. ഫെബ്രുവരിയിൽ നാണയപ്പെരുപ്പം 3.61 ശതമാനമായിരുന്നു. 2019 സെപ്‌തംബറിന് ശേഷം ഇതാദ്യമായാണ് നാണയപ്പെരുപ്പം ഇത്രയേറെ താഴുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലെ ഇടിവാണ് ഗുണമായത്. ഭക്ഷ്യ വില സൂചിക മാർച്ചിൽ 2.69 ശതമാനമായാണ് താഴ്‌ന്നത്. പച്ചക്കറികളുടെ വിലയിൽ 7.04 ഇടിവുണ്ടായി.
ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതി മേഖലയിലുണ്ടായ തളർച്ചയാണ് അവശ്യ സാധനങ്ങളുടെ വില കുറയാൻ ഇടയാക്കിയത്. യു.എസിൽ എല്ലാ ഇറക്കുമതിയ്ക്കും പത്ത് ശതമാനം അടിസ്ഥാന തീരുവ ഏർപ്പെടുത്തിയതോടെ ആഭ്യന്തര വിപണിയിൽ അവശ്യ സാധനങ്ങളുടെ ലഭ്യത മെച്ചപ്പെട്ടു.
വായ്പാ പലിശ ഇനിയും കുറഞ്ഞേക്കും
ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കൊപ്പം നാണയപ്പെരുപ്പത്തിലെ ഇടിവും കണക്കിലെടുത്ത് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് വീണ്ടും കുറച്ചേക്കും. ജൂണിലാണ് അടുത്ത ധന അവലോകന യോഗം. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. ഫെബ്രുവരിയിലും പലിശ കാൽ ശതമാനം കുറച്ചിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന ധന സമീപനത്തിലേക്കാണ് റിസർവ് ബാങ്ക് മാറിയിട്ടുള്ളത്.
ബാങ്കുകൾ പലിശ കുറയ്‌ക്കുന്നു
റിസർവ് ബാങ്കിന്റെ ധന നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്തെ പ്രമുഖ ബാങ്കുകൾ വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ കുറച്ചു. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഇന്നലെ മുതൽ വിവിധ വായ്‌പകളുടെ പലിശ കാൽ ശതമാനം കുറച്ചു. ഇതോടെ ബാങ്കിന്റെ എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്ക് വായ്പ നിരക്ക് 8.9 ശതമാനത്തിൽ നിന്ന് 8.65 ശതമാനമായി കുറഞ്ഞു. റിപ്പോ ബന്ധിത വായ്പ നിരക്ക് 8.25 ശതമാനമായി കുറച്ചു. മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശയും എസ്.ബി.ഐ കുറച്ചു. ഒന്ന് മുതൽ മൂന്ന് വർഷം വരെയുള്ള കാലാവധി നിക്ഷേപങ്ങളുടെ പലിശ 0.2 ശതമാനം കുറയും.
എച്ച്.ഡി.എഫ്.സി ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ ബാങ്കുകളും വായ്പ, നിക്ഷേപ പലിശ കുറച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |