ഫിനിഷിംഗ് റോളിൽ പഴയ ഫോമിലേക്കെത്തി ധോണി,
ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും വിജയവഴിയിൽ
ലക്നൗ : നായകൻ മഹേന്ദ്ര സിംഗ് ധോണി ഫോം വീണ്ടെടുത്ത് തന്റെ സ്വതസിദ്ധമായ ഫിനിഷർ വേഷത്തിൽ തിളങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും ഐ.പി.എല്ലിൽ വിജയവഴിയിലെത്തി. കഴിഞ്ഞരാത്രി ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ചെന്നൈ അഞ്ചുവിക്കറ്റിന് വിജയിച്ചത്. ഈ സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. ഏഴുകളികളിൽ അഞ്ചും തോറ്റ ചെന്നൈ നാലുപോയിന്റുമായി അവസാനസ്ഥാനത്ത് തുടരുകയാണ്.
ലക്നൗവിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹോം ടീം 166/7 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. സീസണിലെ ആദ്യ അർദ്ധസെഞ്ച്വറി നേടിയ നായകൻ റിഷഭ് പന്ത് (63),മിച്ചൽ മാർഷ് (30), ആയുഷ് ബദോനി (22), അബ്ദുൽ സമദ് (20) എന്നിവർ ചേർന്നാണ് ഈ സ്കോറിലെത്തിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും പതിരാണയും ഓരോ വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദും അൻഷുൽ കാംബോജും വിക്കറ്റ് നേടിയില്ലെങ്കിലും നാലോവറിൽ 13 റൺസ് മാത്രം വഴങ്ങിയ നൂർ അഹമ്മദും ചേർന്നാണ് ലക്നൗവിനെ ഈ സ്കോറിൽ ഒതുക്കിയത്.
മറുപടിക്കിറങ്ങിയ ചെന്നൈ ഷെയ്ക്ക് റഷീദ് (27), രചിൻ രവീന്ദ്ര (37) എന്നിവർ ഓപ്പണിംഗിൽ മികവ് കാട്ടിയെങ്കിലും രാഹുൽ ത്രിപാതി (9), രവീന്ദ്ര ജഡേജ (7), വിജയ് ശങ്കർ (9) എന്നിവരെക്കൂടി നഷ്ടമായി 15 ഓവറിൽ 111/5 എന്ന നിലയിലെത്തിയപ്പോഴാണ് ധോണി കളത്തിലേക്ക് ഇറങ്ങുന്നത്. അപ്പോൾ ജയിക്കാൻ 30 പന്തുകളിൽ 57 റൺസാണ് വേണ്ടിയിരുന്നത്. ഒരറ്റത്ത് ശിവം ദുബെയെ (37 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 43 റൺസ്)ക്കൂട്ടി ധോണി (11പന്തുകളിൽ നാലുഫോറും ഒരുസിക്സുമടക്കം 26) വിക്കറ്റ് പോകാതെ 19.3 ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചപ്പോൾ ചെന്നൈ ആരാധകർ തങ്ങളുടെ തലവീണ്ടും ഉയർന്നതിന്റെ ആവേശത്തിലായിരുന്നു.
സ്കോർ കാർഡ്
ലക്നൗ സൂപ്പർ ജയന്റ്സ് 166/7
റിഷഭ് പന്ത് 63, മാർഷ് 30
ജഡേജ 2/24, നൂർ അഹമ്മദ് 0/13
ചെന്നൈ സൂപ്പർ കിംഗ്സ് 168/5
രവീന്ദ്ര 37, ശിവം ദുബെ 43*, ധോണി 26*
മാൻ ഒഫ് ദ മാച്ച് : ധോണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |