ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലെ വിജയം അംഗീകരിക്കാതെ പാകിസ്ഥാൻ വക്താക്കളെപ്പോലെയാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി സേനയുടെ മനോവീര്യം തകർക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ലോക്‌സഭയിൽ 'ഓപ്പറേഷൻ സിന്ദൂർ' ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടക്കം വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഗാന്ധി കുടുംബത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ദേശീയ താത്‌പര്യത്തെ അവഗണിക്കരുതെന്ന് കോൺഗ്രസ് നേതാക്കളെ ഓർമ്മപ്പെടുത്തിയതിനൊപ്പം, ശശി തരൂരിനെ ചർച്ചയിൽ പങ്കെടുപ്പിക്കാതിരുന്നതിനെ വിമർശിക്കുകയുംചെയ്തു.
പാകിസ്ഥാന്റെ പ്രചാരണത്തിന്റെയും ഗൂഢാലോചനകളുടെയും വക്താവായി കോൺഗ്രസ് മാറി. നിരപരാധികൾ കൊല്ലപ്പെട്ടതിൽ പോലും കോൺഗ്രസ് രാഷ്ട്രീയ നേട്ടം തേടുന്നു. അവർ സുരക്ഷാ സേനയുടെ മനോവീര്യം വ്രണപ്പെടുത്തി. ലോക രാജ്യങ്ങൾ പിന്തുണച്ചപ്പോൾ കോൺഗ്രസ് സൈനികരുടെ ധൈര്യത്തെ കണ്ടില്ലെന്ന് നടിച്ചു.
കോൺഗ്രസ് ഭരിക്കുമ്പോൾ, ഭീകരത വളർത്തുന്ന പ്രീണന നടപടികളാണ് സ്വീകരിച്ചത്. ദുർബല ഭരണത്തിൽ ഭീകരത നിരവധിപേരുടെ ജീവൻ അപഹരിച്ചു. ചില നേതാക്കൾ അഫ്‌സൽ ഗുരുവിനെ പിന്തുണച്ചു,
പാക് അധീന കാശ്‌മീർ തിരിച്ചു പിടിക്കാൻ പറയുന്നവർ, പാകിസ്ഥാന് അതു വിട്ടുകൊടുത്തത് ആരെന്ന് പറയണം. 1971-ൽ പാക് അധീന കാശ്മീർ തിരിച്ചുപിടിക്കാനുള്ള അവസരം നഷ്‌ടമാക്കി.
ഓപ്പറേഷൻ സിന്ദൂർ നടന്നതായി അംഗീകരിക്കാത്തവരാണ് അത് നിർത്തിയതിൽ സംശയം പ്രകടിപ്പിക്കുന്നത്. പഹൽഗാം ഭീകരർ എവിടെ എന്ന് ചോദിച്ചവർ ഓപ്പറേഷൻ മഹാദേവിനെ സംശയിക്കുന്നു. സായുധ സേനയെ എപ്പോഴും എതിർത്ത ചരിത്രമാണ് കോൺഗ്രസിനുള്ളത്. കാർഗിൽ യുദ്ധ വിജയം പോലും അംഗീകരിച്ചിട്ടില്ല.
പാകിസ്ഥാൻ ബി.എസ്.എഫ് ജവാനെ കസ്റ്റഡിയിലെത്തടുത്തപ്പോൾ മോദി നാണം കെടുമെന്ന് ചിലർ കരുതി. ആ യുവാവ് സുരക്ഷിതമായി തിരിച്ചെത്തി. മുൻ അഭിനന്ദൻ വർദ്ധമാനെ പിടികൂടിയപ്പോളും മോദി കുടുങ്ങിയെന്ന് പറഞ്ഞവരുണ്ട്. പക്ഷേ അഭിനന്ദൻ ധൈര്യപൂർവ്വം,മടങ്ങി.
സൈന്യത്തിന് സ്വാതന്ത്ര്യം നൽകി
സർക്കാർ സൈന്യത്തിന് പൂർണ സ്വതന്ത്ര്യം കൊടുത്തെന്നും രാഹുൽ ഗാന്ധിക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. എപ്പോൾ, എവിടെ, എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കാൻ അവരോട് പറഞ്ഞു. പഹൽഗാം അക്രമണം നടക്കുമ്പോൾ സൗദിയിലായിരുന്ന താൻ മടങ്ങി വന്ന് യോഗം വിളിച്ച് കനത്ത തിരിച്ചടിക്ക് ഉത്തരവിട്ടെന്നും മോദി വെളിപ്പെടുത്തി.
മുമ്പ് ആക്രമണങ്ങൾക്ക് ശേഷം സമാധാനമായി ഉറങ്ങിയിരുന്ന ഭീകരതയുടെ സൂത്രധാരന്മാർ ഇപ്പോൾ ഇന്ത്യ തിരിച്ചടിക്കുമെന്ന് മനസിലാക്കി. പാക് ആണവ ഭീഷണികൾ പൊള്ളയാണെന്ന് ഇന്ത്യ തെളിയിച്ചു.
കോൺഗ്രസിന്റെ കീഴിൽ, അവഗണിക്കപ്പെട്ട സായുധ സേനയുടെ സ്വാശ്രയത്വം ഇപ്പോൾ വീണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |