പ്രമാടം : മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന പാറക്കടവ് പാലവും പരിസരവും ശുചീകരിച്ച് പ്രമാടം ഗ്രാമപഞ്ചായത്ത് ക്യാമറ സ്ഥാപിച്ചു. പ്രമാടം ഗ്രാമത്തെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മറൂർ പാറക്കടവ് പാലത്തിന്റെ ഇരുവശങ്ങളിലും റോഡിലേക്ക് കാടുകൾ വളർന്നതും ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതും കേരളകൗമുദി മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പ്രമാടം ഗ്രാമപഞ്ചായത്ത് വിഷയത്തിൽ ഇടപെട്ട് ബഡ്ജറ്റിൽ പണം വകയിരുത്തിയത്.
മുമ്പ് പാലത്തിന്റെ മറുവശത്തെ അഴൂർ ഭാഗം നഗരസഭ ശുചീകരിച്ച് മാലിന്യം തളളുന്നവരെ പിടികൂടാൻ ജാഗ്രതാസമിതികൾ രൂപീകരിച്ചിരുന്നു.
പാറക്കടവ് പാലം മുതൽ മറൂർ ആൽത്തറ ജംഗ്ഷനിലേക്കുള്ള പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഇപ്പോൾ പൂർണമായും വൃത്തിയാക്കിയത്.
വലിയ പുല്ലുകൾ റോഡ് സൈഡിൽ വളർന്ന് നിൽക്കുന്നതിന് പുറമെ പാഴ്മരങ്ങളും വള്ളിപ്പടർപ്പുകളും റോഡിലേക്ക് വളർന്ന് കാഴ്ചമറയ്ക്കുന്ന നിലയിലായിരുന്നു. ഇവിടെ ഇഴജന്തുക്കളുടെയും തെരുവുനായകളുടെ ശല്യവും വർദ്ധിച്ചിരുന്നു. ഭീഷണിയായി മാറിയിരുന്ന കാട് തെളിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
അറവുമാലിന്യവും
പാറക്കടവ് പാലത്തിന് താഴെയായുള്ള ഭാഗത്താണ് നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രമാടം കുടിവെള്ള പദ്ധതി. ആഴ്ചകൾക്ക് മുമ്പ് രാത്രിയിൽ പ്ലാസ്റ്റിക് കവറുകളിലാക്കി ഇറച്ചിക്കട വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സാമൂഹ്യവിരുദ്ധർ ഇവിടെ തള്ളിയിരുന്നു. ഇത് തെരുവുനായ്ക്കൾ വലിച്ചിഴച്ച് അച്ചൻകോവിലാറ്റിൽ കൊണ്ടിട്ടു. ദുർഗന്ധം വമിച്ചതോടെ റോഡിലെയും നദിയിലെയും മാലിന്യം നിറച്ച കവറുകൾ നാട്ടുകാരാണ് നീക്കം ചെയ്തത്. ക്യാമറ സ്ഥാപിച്ചതോടെ മാലിന്യം തള്ളൽ ഇനി ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |