കൊല്ലം: കൊട്ടാരക്കരയിലെ ഡി.ഇ ഓഫീസിലേക്ക് വന്ന ബോംബ് ഭീഷണി മണിക്കൂറുകൾക്കു ശേഷം ആവിയായി. ഇന്നലെ പുലർച്ചെ 4ന്
ഡി.ഇ.ഒയുടെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
റാണ തഹാവൂർ എന്ന മെയിൽ ഐ.ഡിയിൽ നിന്നായിരുന്നു സന്ദേശം. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുവായ എടപ്പാളി പളനി സ്വാമിയെ വകവരുത്താൻ ഈ ഓഫീസിൽ ആർ.ഡി.എക്സ് വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് ഒന്നരയോടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഇംഗ്ളീഷിൽ തയ്യാറാക്കിയ സന്ദേശം. രാവിലെ പത്തേകാലോടെ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് സന്ദേശം വായിച്ചതോടെ പരിഭ്രാന്തി പരന്നു. തുടർന്ന് റൂറൽ ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ടു. ഉടൻതന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ഡിവൈ.എസ്.പി കെ. ബൈജുകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘവുമെത്തി. പ്രാഥമിക പരിശോധനകളിൽത്തന്നെ ബോംബില്ലെന്ന് വ്യക്തത വന്നു. തുടർന്ന് ഓഫീസിനകത്തും പുറത്തും വിശദമായ പരിശോധനകൾ നടത്തി. ഓഫീസ് പ്രവർത്തനം നിറുത്തിവയ്പിച്ച് ഉദ്യോഗസ്ഥരെ പുറത്തിറക്കിയ ശേഷമായിരുന്നു പരിശോധനകൾ. ഉച്ചയ്ക്ക് പന്ത്രണ്ടോടെ പരിശോധനകൾ പൂർത്തിയാക്കി ബോംബില്ലെന്ന് ഉറപ്പിച്ച ശേഷം ഓഫീസ് പ്രവർത്തനം തുടങ്ങി. ഒന്നര വരെ ആരെയും ഓഫീസിലേക്ക് കടത്തിവിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |