ന്യൂഡൽഹി: വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ സ്വിഫ്റ്റ് റെസ്‌പോൺസ് പ്രോട്ടോക്കോൾ തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദ്ദേശം. ഓരോ സംസ്ഥാനവും അവിടത്തെ സാഹചര്യം പരിഗണിച്ച് ആറു മാസത്തിനകം പ്രോട്ടോക്കോൾ നടപ്പാക്കണം. നിർദ്ദേശം കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാണ്.
ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടപെടൽ. രാജ്യത്ത് റോഡപകടങ്ങൾ വർദ്ധിച്ചുവരികയാണ്. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങളും വൈദ്യസഹായവും വൈകുന്ന സാഹചര്യമുണ്ട്. അപകടത്തിൽപ്പെട്ട് വാഹനത്തിൽ ഏറെനേരം കുടുങ്ങിക്കിടക്കുന്ന സംഭവങ്ങളുമുണ്ട്.
പൊതുതാത്പര്യമുള്ള ഗൗരവമേറിയ വിഷയമാണിത്. ഇരകൾക്ക് ചികിത്സ വൈകുന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കി ആഗസ്റ്റ് അവസാനത്തോടെ മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറണം.
ഡ്രൈവർമാർക്ക് എട്ടു
മണിക്കൂർ ജോലി മതി
ട്രാൻസ്‌പോർട്ട് വാഹനങ്ങളിലെ ഡ്രൈവർമാർ ദിവസവും എട്ടു മണിക്കൂറും, ആഴ്ചയിൽ 48 മണിക്കൂറും മാത്രമേ ജോലി ചെയ്യാവൂവെന്നാണ് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥ. ഇത് നടപ്പാക്കണം. ഡ്രൈവർമാരുടെ അമിതജോലി അപകടങ്ങൾക്ക് പ്രധാന കാരണമാണ്
ഉപരിതല ഗതാഗത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും യോഗം വിളിക്കണം. ജോലിസമയം പാലിക്കുന്നതിൽ മാർഗ്ഗരേഖ തയ്യാറാക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |