പത്തനംതിട്ട : മയക്കുമരുന്നുകച്ചവടവുമായി ബന്ധമുണ്ടെന്ന് പൊലീസിൽ അറിയിച്ചതിന്റെ വിരോധത്തിൽ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച നാല് പ്രതികളിൽ രണ്ടുപേരെ തിരുവല്ല പൊലീസ് പിടികൂടി. തിരുവല്ല കുറ്റപ്പുഴ ചുമത്ര കൂടത്തിങ്കൽ വീട്ടിൽ മനുവെന്ന് വിളിക്കുന്ന റ്റിബിൻ വർഗീസ്(32), ചുമത്ര താഴ്ചയിൽ കൊച്ചുപറമ്പിൽ വീട്ടിൽ ഷമീർ ഷാജി (32) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേസിൽ രണ്ടും മൂന്നും പ്രതികളാണ്. കുറ്റപ്പുഴ ചുമത്ര നടുത്തറയിൽ വീട്ടിൽ സി.സി.സജിമോനാണ് ആക്രമികളുടെ മർദ്ദനമേറ്റത്. ഒന്നാം പ്രതി ചന്തു എന്ന അഭിമന്യുവും, നാലാം പ്രതി നിതിനുമായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. 17ന് വൈകിട്ട് 5.30ന് ചുമത്ര എസ്.എൻ.ഡി.പി മന്ദിരത്തിനടുത്ത് ബൈക്കിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ, കാറിലെത്തിയ പ്രതികളിൽ ഒന്നും രണ്ടും പ്രതികൾ ആദ്യമിറങ്ങി മർദ്ദിക്കുകയായിരുന്നു. ഓടിക്കൂടിയവരാണ് സജിമോനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അശുപത്രിയിലെത്തി മൊഴിയെടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം ടിബിനെയും ഷമീറിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലുകൾക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ സജിമോനെയും ചൂരക്കുഴിയിൽ പ്രവീൺ എന്നയാളെയും പ്രതികളാക്കി റ്റിബിൻ വർഗീസിന്റെ ഭാര്യ സൂര്യകല നൽകിയ പരാതിയിലും തിരുവല്ല പൊലീസ് കേസെടുത്തു. റ്റിബിൻ വർഗീസിന്റെ അയൽവാസിയായ പ്രവീണും ഭാര്യയും തന്നെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ വനിതാ കമ്മീഷനിലും ഇവർ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്താൽ പ്രവീൺ സജിമോനുമായി ചേർന്ന് മർദ്ദിച്ചെന്നാരോപിച്ചാണ് പൊലീസിൽ പരാതി നൽകിയത്. തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർ എസ്.സന്തോഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |