ന്യൂഡൽഹി : ഡൽഹിയിൽ ഫ്ലാറ്റ് സമുച്ചയം തകർന്നുവീണ് ഒരു കുടുംബത്തിലെ എട്ട് പേരുൾപ്പെടെ 11 മരണം. മൂന്ന് സ്ത്രീകളും നാല് കുട്ടികളും സ്ഥലമുടമയും ഉൾപ്പെടെയാണിത്. 22 പേരെ രക്ഷപ്പെടുത്തി. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
മുസ്‌തഫാബാദിലെ ശക്തിവിഹാറിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് നാലുനില കെട്ടിടം തകർന്നത്.
കെട്ടിടാവശിഷ്‌ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുവെന്ന് സംശയിക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, ജില്ലാ ദുരന്ത നിവാരണ അതോറിട്ടി, അഗ്നിശമന സേന, പൊലീസ്, നാട്ടുകാർ തുടങ്ങിയവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകട കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
ഭൂകമ്പമെന്ന്
കരുതി
കെട്ടിടം തകർന്നുവീണപ്പോൾ മേഖല ഒന്ന് കുലുങ്ങി. ഭൂമികുലുക്കമാണെന്നാണ് കരുതിയതെന്ന് നാട്ടുകാർ പറഞ്ഞു. പുറത്തിറങ്ങി നോക്കിയപ്പോൾ ആകെ പുകയും പൊടിയും. സമീപത്തെ സ്വിവേജിൽ നിന്നുള്ള വെള്ളം മേഖലയിലെ കെട്ടിടങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ചുവരുകൾ നനഞ്ഞ് കെട്ടിടം ദുർബലമായി. ഇതിനുപുറമെ കെട്ടിടത്തിന്റെ താഴേ നിലയിൽ പുതുതായി ഒരു കട നിർമ്മിക്കുന്നുണ്ടായിരുന്നു. ചുവരുകൾ പൊളിച്ചു. അതാകാം അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
കടുത്ത
നടപടി
മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കെട്ടിട നിർമ്മാണമാണ് ദുരന്തത്തിന് പിന്നിലെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത പ്രതികരിച്ചു. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ചട്ടങ്ങൾ കാറ്രിൽ പറത്തിയാണ് ദുർബലമായ കെട്ടിടങ്ങൾ പണിതിരിക്കുന്നത്. ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |