ആലപ്പുഴ: റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്തൻ കോടികൾ ചെലവിട്ട്
എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടും മോബൈൽ ഫോണിൽ ഫോട്ടോയെടുത്ത് പിഴ ഈടാക്കുന്ന മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഇ-ചെല്ലാൻ സംവിധാനത്തിൽ ഓട്ടോമേറ്റ്ഡ് ചെല്ലാനുകൾ തയ്യാറാക്കി പിഴ ചുമത്തുന്നതിന് വ്യവസ്ഥയുള്ളപ്പോൾ പിന്നെയെന്തിനാണ് വാഹനത്തിൽ ഒളിച്ചിരുന്ന് ഫോട്ടോയെടുത്ത് പിഴയീടാക്കുന്നതെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന ചെല്ലാനുകളിൽ റൂൾസ് 167എയിൽ ഉൾപ്പെട്ടിട്ടുള്ള 12 നിയമലംഘനങ്ങൾക്ക് മാത്രമാണ് സാധുയെന്നും അല്ലാത്ത പിഴ ചുമത്തൽ കേസുകൾ നിലനിൽക്കില്ലെന്ന പ്രചരണവും സമൂഹമാദ്ധ്യമങ്ങളിൽ തകൃതിയായി നടക്കുന്നുണ്ട്. ഇതോടെ,പിഴയീടാക്കുന്ന കാര്യത്തിൽ വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തി. ചട്ടം 167(1), (2) പ്രകാരം എല്ലാത്തരം നിയമ ലംഘനങ്ങൾക്കും ഇ-ചെല്ലാൻ സംവിധാനത്തിലൂടെ പിഴചുമത്തുന്നതിന് സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട് എന്നതാണ് ആദ്യവിശദീകരണം.
വ്യക്തതവരുത്തി അധികൃതർ
1. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞ് നിർത്തിയും നിയമലംഘനത്തിന്റെ ചിത്രം പകർത്തിയും ഇ-ചെല്ലാൻ സംവിധാനത്തിലൂടെ പിഴ ചുമത്താൻ കേന്ദ്ര നിയമത്തിൽ അധികാരമുണ്ട്
2. അമിതമവേഗം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക,അനധികൃത പാർക്കിംഗ്, ട്രാഫിക് സിഗ്‌നലിൽ അവഗണിക്കുക,
നമ്പർ പ്ലേറ്റ് ശരിയായി പ്രദർശിപ്പിക്കാതെ ഇരിക്കുക, എമർജൻസി വാഹനങ്ങളുടെ വഴി മുടക്കുക തുടങ്ങിവയ്ക്കും പിഴചുമത്താം
3.അമിതഭാരവും,ലെയിൻ ലംഘിക്കുക, ചരക്ക് വാഹനങ്ങളിൽ ആളെ കയറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക്
എ.ഐ ക്യാമറകളോ, ഇലക്ട്രേണിക് ഉപകരണങ്ങൾ മുഖേനയോ ഇ-ചെല്ലാൻ സംവിധാനത്തിൽ ഓട്ടോമേറ്റ്ഡ് ചെല്ലാനുകളിലൂടെ പിഴചുമത്താം
4.ടാക്‌സി വാഹനത്തിലെ ലഗേജ് കാരിയർ അനധികൃത ആൾട്ടറേഷനായി കണക്കാക്കില്ല.ബസ് ജീവനക്കാർക്ക് പൊലീസിന്റെ നോൺ ഇൻവോൾമെന്റ് ഇൻ ക്രൈം സർട്ടിഫിക്കറ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചത് അനുസരിച്ച് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്
5.സ്വകാര്യ ബസുടമകളും ജീവനക്കാരുടെ വിവരങ്ങളും ലൈസൻസും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് നൽകണം.പെർമിറ്റ്, ഉടമയുടെയും ജീവനക്കാരുടെയും വിവരങ്ങൾ,ലൈസൻസ്,ആധാർ കാർഡ്, ക്ഷേമനിധിയിൽ വാഹന ഉടമ വിഹിതം അടച്ച രസീതിന്റെ പകർപ്പ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |