ചെന്നൈ: സി.പി.എം ജനറൽ സെക്രട്ടറിയായതിനു ശേഷം ചെന്നൈയിലെത്തിയ എം.എ. ബേബി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മതേതര പാർട്ടികളെ ഒന്നിച്ചു നിറുത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് മാതൃകയാണെന്ന് മാദ്ധ്യമ പ്രവർത്തകരോട് ബേബി പറഞ്ഞു. ഫാസിസ്റ്റ് സംഘടനയായ ആർ.എസ്.എസിന്റെ നിർദ്ദേശമനുസരിച്ചാണ് കേന്ദ്രത്തിൽ നരേന്ദ്രമോദി ഭരിക്കുന്നത്. അസൂത്രണമായ ആക്രമണമാണ് അവർ ന്യൂനപക്ഷ അവകാശങ്ങൾക്കെതിരെ നടത്തുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വഖഫ് ബിൽ. ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ കൂട്ടുകുടിയത് അവസരവാദമാണ്.
ഗവർണർക്കെതിരായ കേസിൽ തമിഴ്നാട് സർക്കാരിനെ സുപ്രീംകോടതിയിൽ നിന്നും ലഭിച്ച വിജയം അഭിനന്ദനാർഹമാണ്. ഡി.എം.കെ നേതൃത്വം നൽകുന്ന തമിഴ്നാട്ടിലെ മുന്നണി കൂടുതൽ ശക്തമാകും. കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകുമെന്നും ജനങ്ങൾ അതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്നും ബേബി പറഞ്ഞു.
തമിഴ് രീതിയിൽ തിരു. എന്ന് ചേർത്താണ് ബേബി സ്റ്റാലിന്റെ പേര് പറഞ്ഞത്. ഞങ്ങളുടെ ബന്ധം ഉറച്ചു നിൽക്കുമെന്നും കൂടുതൽ ശക്തമാകുമെന്നും പിന്നീട് സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഡി.എം.കെ ആസ്ഥാനമായ അറിവലയത്തിൽ നടന്ന ചർച്ചയിൽ പി.ബി.അംഗങ്ങളായ യു.വാസുകി,കെ.ബാലകൃഷ്ണൻ,സി.പി.എം തമിഴ്നാട് സെക്രട്ടറി പി.ഷണ്മുഖം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ചെന്നൈയിലെ പാർട്ടി പരിപാടികൾക്ക് ശേഷം ബേബി കൊൽക്കത്തയിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |