റോം: മുൻഗാമികളിൽ നിന്ന് എന്നും വ്യത്യസ്തനായ സഭ അദ്ധ്യക്ഷനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളായിരുന്നു. മാത്രമല്ല എല്ലാ കാലത്തും ലോകം ഓർക്കുന്ന പരിഷ്കാരങ്ങൾ കൂടിയായിരുന്നു അതൊക്കെ. ബിഷപ്പുമാരുടെ സിനഡ് യോഗത്തിൽ സ്ത്രീകൾക്കും മറ്റ് പ്രതിനിധികൾക്കും വോട്ടവകാശം അടക്കമുള്ള പരിഷ്‌കാരങ്ങൾ ഫ്രാൻസിസ് മാർപാപ്പ നടപ്പാക്കിയത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു.
മാർപാപ്പയുടെ ഉപദേശക സമിതിയായ സിനഡുകളിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അനുമതി ഉണ്ടായിരുന്നെങ്കിലും വോട്ടവകാശം ഇല്ലായിരുന്നു. ഇതോടെ യോഗത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകൾക്കും പുരോഹിതൻമാർക്കൊപ്പം മതപരമായ നടപടികളിൽ വോട്ട് ചെയ്യാനായി. വോട്ടവകാശമുള്ള 70 ബിഷപ്പ് ഇതര പ്രതിനിധികളെ സിനഡിൽ ഉൾപ്പെടുത്തുമെന്നും ഇതിൽ പകുതി പേർ സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
മുൻപ് സ്ത്രീകൾക്ക് കാണികളായി മാത്രമാണ് യോഗത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നത്. സ്ത്രീകളെ രണ്ടാം തരമായി മാത്രമാണ് വത്തിക്കാൻ പരിഗണിക്കുന്നതെന്ന വിമർശനത്തിനായിരുന്നു മാർപാപ്പ ചരിത്ര തീരുമാനത്തിലൂടെ തിരുത്തിക്കുറിച്ചത്. നേരത്തെ പുരുഷന്മാർക്ക് മാത്രമാണ് വോട്ട് ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനത്തോടെ അഞ്ച് കന്യാസ്ത്രീകൾക്ക് പുരോഹിതർക്കൊപ്പം വോട്ട് ചെയ്യാൻ സാധിച്ചു. കൂടാതെ 70 ബിഷപ്പ് ഇതര അംഗങ്ങളെ സിനഡിൽ നിയമിക്കാനും അന്ന് പോപ്പ് ഉത്തരവിട്ടിരുന്നു.
ഇതോടൊപ്പം ചരിത്രത്തിൽ ആദ്യമായി ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത മാർപാപ്പയാണ് ഫ്രാൻസിസ്. ഇറ്റലിയിലെ അപ്പൂലിയയിൽ നടന്ന ഉച്ചകോടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ്ജം, ആഫ്രിക്ക മെഡിറ്ററേനിയൻ സെഷനിൽ അദ്ദേഹം പങ്കെടുത്തു. സെഷനെ അഭിസംബോധന ചെയ്ത അദ്ദേഹം മാരക ഓട്ടണോമസ് ആയുധങ്ങൾ നിരോധിക്കണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. സായുധപോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ഉപകരണങ്ങളുടെ വികസനവും ഉപയോഗവും അപകടകരമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. യുദ്ധ ഭൂമിയിലെ പ്രയോഗം അടക്കം നിർമ്മിത ബുദ്ധിയുടെ അപകട സാദ്ധ്യതകളിലേക്കും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |