ന്യൂഡൽഹി: നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച തമിഴ്നാട് കേസിലെ വിധി കേരളത്തിനും ബാധകമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. തമിഴ്നാട് കേസിലെ സുപ്രീംകോടതി വിധി ബാധകമായതിനാൽ ഇതുസംബന്ധിച്ച കേരളത്തിന്റെ ഇടക്കാല അപേക്ഷ പിൻവലിക്കാൻ തയ്യാറാണെന്നും സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞു.
തുടർന്ന് വിധി കേരളത്തിനും ബാധകമാണോയെന്നതിൽ വിശദമായി വാദം കേൾക്കാനും പരിശോധിക്കാനും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. മേയ് ആറിന് വീണ്ടും പരിഗണിക്കും.
അതേസമയം, തമിഴ്നാട് ഗവർണർ ഡോ.ആർ.എൻ.രവിക്കെതിരെയുള്ള കേസിലെ വിധി കേരളത്തിന് ബാധകമല്ലെന്ന് അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു. കേന്ദ്രസർക്കാരിനും കേരള ഗവർണർ ആർലേക്കറിനും വേണ്ടിയാണ് ഇരുവരും ഹാജരായത്.
വിധിയുടെ പ്രത്യാഘാതമെന്തെന്ന് പഠിക്കാൻ സമയം വേണമെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. കേരളത്തിന്റെയും തമിഴ്നാടിന്റെയും കേസുകളിൽ വസ്‌തുതാപരമായി തന്നെ വ്യത്യാസങ്ങളുണ്ടെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. കേരളത്തിന്റെ പല വാദങ്ങളും വിധിയുടെ പരിധിയിൽ വന്നിട്ടില്ല. അത് ഏതൊക്കെയാണെന്ന് വാദം പറയാമെന്നും അറിയിച്ചു.
മുൻ ഗവർണർക്കെതിരെ രണ്ട് ഹർജികളാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചത്. അതിലൊന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ പരിഗണനയിലാണെന്ന് കെ.കെ.വേണുഗോപാൽ ചൂണ്ടിക്കാട്ടി. 13ന് അവിടെ പരിഗണിക്കാനിരിക്കുകയാണ്. അങ്ങനെയെങ്കിൽ രണ്ട് ഹർജികളും ഒന്നിച്ചു പരിഗണിക്കുന്നതിൽ നടപടിയെടുക്കാൻ ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കാൻ രണ്ടംഗബെഞ്ച് നിർദ്ദേശിച്ചു.
കേസിൽ വിട്ടുവീഴ്ചയില്ല
നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാത്ത മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ആർലേക്കർ ഗവർണർ പദവിയിലെത്തി സൗഹൃദാന്തരീക്ഷത്തിൽ പോകുമ്പോഴും കേസിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. ബില്ലിന് അംഗീകാരം നൽകാതെ തടഞ്ഞുവയ്‌ക്കൽ, പുന:പരിശോധനയ്ക്കായി നിയമസഭയ്‌ക്ക് തിരിച്ചയയ്ക്കൽ,രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിടൽ എന്നിവ ഏത് സാഹചര്യങ്ങളിലാകാമെന്ന് മാർഗരേഖ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |