ന്യൂഡൽഹി: 29 നിരപരാധികളുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. പുൽവാമയിൽ 2019 ഫെബ്രുവരി 14ന് 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ജമ്മു കാശ്മീരിനെ ഞെട്ടിച്ച മറ്റൊരു കൂട്ടക്കൊലയാണ് പഹൽഗാമിലെ വിനോദ സഞ്ചാര മേഖലയിൽ ഇന്നലെ നടന്നത്. അന്ന് സൈനികരെയാണ് ലക്ഷ്യമിട്ടതെങ്കിൽ ഇന്ന് നിരപരാധികളായ വിനോദ സഞ്ചാരികളെ. ആക്രമണത്തിന് കാരണക്കാരായാവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ വ്യക്തമാക്കിയതോടെ ഭീകരക്യാമ്പുകളിൽ ഏത് നിമിഷവും തിരിച്ചടി പ്രതീക്ഷിക്കാം.
ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാവാം പാകിസ്ഥാൻ തങ്ങളുടെ അതിർത്തി സുരക്ഷ ശക്തമാക്കിയെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കറാച്ചിയിലെ സതേൺ എയർ കമാൻഡിൽ നിന്ന് ലാഹോറിനും റാവൽപിണ്ടിക്കും സമീപമുള്ള വടക്കൻ മേഖലകളിലേക്ക് പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) വിമാനങ്ങൾ പുറപ്പെടുന്നതായി കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാർ 24ൽ നിന്നുള്ള സ്‌ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ വടക്കൻ മേഖലയിലെ അതിർത്തികളോട് ഏറ്റവും അടുത്തുള്ള പാകിസ്ഥാൻ വ്യോമസേനയുടെ വ്യോമതാവളങ്ങളാണിവ. പാകിസ്ഥാൻ വ്യോമസേനയുടെ അതിപ്രധാനമായ ഒരു വ്യോമതാവളം കൂടിയാണിത്. സി-130 ഇ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റും വിഐപി യാത്രകൾക്കും ഇന്റലിജൻസ് ഒപ്പറേഷനും വേണ്ടി ഉപയോഗിക്കുന്ന ചെറുവിമാനങ്ങളുമാണ് ഇന്ത്യൻ അതിർത്തിയോട് ചേർന്ന് എത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
പുൽവാമയ്ക്ക് തിരിച്ചടിയായി 2019 ഫെബ്രുവരിയിൽ ഇന്ത്യ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകൾ ബോംബിട്ട് തകർത്ത് 325 ഭീകരരെ കൊന്നത് പാകിസ്ഥാന്റെ മനസിലുണ്ട്. അന്നത്തെ തിരിച്ചടി പാക് സൈന്യത്തിന് നാണക്കേടുണ്ടാക്കിയ ഒന്നാണ്. അതുപോലൊരു തിരിച്ചടി പഹൽഗാമിന് പകരമായി ഇന്ത്യ നടത്തുമോ എന്ന ഭയത്തെ തുടർന്നാവാം പാകിസ്ഥാൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നത്.
40 സിആർപിഎഫ് ജവാൻമാരെ കൂട്ടക്കുരുതി ചെയ്തതിന് പ്രതികാരമായി 12 ദിവസങ്ങൾക്ക് ശേഷം 2019 ഫെബ്രുവരി 26ന് ഇന്ത്യൻ പോർവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകൾ ബോംബാക്രമണത്തിൽ ചുട്ടെരിക്കുകയായിരുന്നു. ജയ്‌ഷെ തലവൻ മസൂദ് അസറിന്റെ വലംകൈയും ഭാര്യാ സഹോദരനുമായ യൂസുഫ് അസറും ഇന്ത്യ നോട്ടമിട്ടിരുന്ന മറ്റ് ചില കൊടും ഭീകരരും അടക്കം 325 പേർ കൊല്ലപ്പെട്ടു.
പുലർച്ചെ 3.45 മുതൽ 4.06 വരെയുള്ള 21 മിനിട്ട് നീണ്ട ഓപ്പറേഷനിൽ പന്ത്രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ സൂക്ഷ്മ പ്രഹരശേഷിയുള്ള 1000 കിലോ ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ചു. ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലന കേന്ദ്രമായ ബലാകോട്ട്, അധിനിവേശ കാശ്മീരിലെ മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് തകർത്തത്. മുസാഫറാബാദിലായിരുന്നു ആദ്യ ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |