നെയ്യാറ്റിൻകര: 51കാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 29കാരനായ ഭർത്താവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. കുന്നത്തുകാൽ വില്ലേജിൽ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടിൽ ഫിലോമിന മകൾ ശാഖാകുമാരി (52) കൊല്ലപ്പെട്ട കേസിലാണ് നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയും സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ അരുണിനെ(29) കുറ്റക്കാരനെന്ന്, നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതി ജഡ്ജി എ.എം.ബഷീർ കണ്ടെത്തിയത്.
2020 ഡിസംബർ 26ന് പുലർച്ചെ 1.30നായിരുന്നു കൊലപാതകം. ബെഡ് റൂമിൽ വച്ച് ബലം പ്രയോഗിച്ച് ശാഖാകുമാരിയുടെ വായും മുഖവും അമർത്തി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. ശേഷം വലിച്ചിഴച്ച് വീടിന്റെ ഹാളിൽ കൊണ്ടുപോയി ഷോക്കേസിലെ ഇലക്ട്രിക് സോക്കറ്റിൽ വയറ് ഘടിപ്പിച്ച് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ കേടായ സീരിയൽ ബൾബ് സെറ്റ് ശാഖാകുമാരിയുടെ മൃതദേഹത്തിൽ വിതറിയിട്ടിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ സംശയം പറഞ്ഞതോടെ, പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
ഇരുഭാഗത്തിന്റെയും വാദം കേൾക്കുന്നതിനും വിധി പറയുന്നതിലേക്കുമായി കേസിന്റെ വിചാരണ വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |