SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.26 AM IST

ഇങ്ങനെയൊക്കെ തോല്‍ക്കാന്‍ രാജസ്ഥാന് മാത്രമേ പറ്റു, കളി തിരിച്ചുപിടിച്ച് ബംഗളൂരുവിന്റെ മാസ് ഷോ

READ ENGLISH VERSION
rcb-won

ബംഗളൂരു: അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ രാജസ്ഥാന് വേണ്ടിയിരുന്നത് വെറും 18 റണ്‍സ്. പക്ഷേ ആ രണ്ട് ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ആകെ നേടിയത് ആറ് റണ്‍സ്, നഷ്ടപ്പെടുത്തിയത് നാല് വിക്കറ്റുകള്‍. ഐപിഎല്ലില്‍ ഈ സീസണില്‍ തുടര്‍ച്ചയായി അഞ്ചാം തോല്‍വി. ജയം ഉറപ്പിച്ച മത്സരത്തില്‍ തോല്‍വി ചോദിച്ച് വാങ്ങുന്നത് തുടര്‍ച്ചയായ മൂന്നാം തവണ.ആര്‍സിബിക്കെതിരെ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ മറുപടി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 എന്ന സ്‌കോറില്‍ അവസാനിച്ചു.

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്‌വാളും 49(19), വൈഭവ് സൂര്യവംശിയും 16(12) ചേര്‍ന്ന് രാജസ്ഥാന് നല്‍കിയത്. നിധീഷ് റാണ 28(22) ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 22(10) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒമ്പത് ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 110 എന്ന അതിശക്തമായ നിലയിലായിരുന്നു രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍. ധ്രുവ് ജൂരല്‍ 47(34) തിളങ്ങിയെങ്കിലും 19ാം ഓവറില്‍ താരം പുറത്തായത് റോയല്‍സിന് വന്‍ തിരിച്ചടിയായി. ശുഭം ദൂബെ 12(7) റണ്‍സ് നേടി അവസാന ഓവറില്‍ പുറത്തായി.

ജോഫ്ര ആര്‍ച്ചര്‍ 0(1), വാണിന്ദു ഹസരംഗ 1(3) തുഷാര്‍ ദേശ്പാണ്ഡെ 1*(2), ഫസല്‍ഹഖ് ഫറൂഖി 2*(2) എന്നിവര്‍ വെറും കാഴ്ചക്കാരായി മാറി. ആര്‍സിബിക്ക് വേണ്ടി ജോഷ് ഹേസില്‍വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ വിരാട് കൊഹ്ലി, ദേവദത്ത് പടിക്കല്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ടിം ഡേവിഡ്, ജിതേഷ് ശര്‍മ്മ എന്നിവരരുടെ അതിവേഗ സ്‌കോറിംഗ് ആണ് 200 കടത്തിയത്.

6.4 ഓവറില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ആര്‍സിബിക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഫിലിപ് സാള്‍ട്ട് 26(23) ഹസരംഗയുടെ പന്തില്‍ ഹെറ്റ്മയര്‍ക്ക് പുറത്താകുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ വിരാട് കൊഹ്ലി 70(42), ദേവദത്ത് പടിക്കല്‍ 50(27) സഖ്യം 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൊഹ്ലി എട്ട് ഫോറും രണ്ട് സിക്സും അടിച്ചപ്പോള്‍ പടിക്കലിന്റെ ബാറ്റില്‍ നിന്ന് നാല് ബൗണ്ടറിയും മൂന്ന് സിക്സറും പിറന്നു. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 1(3) റണ്‍സ് മാത്രമേ നേടിയുള്ളു.

15 പന്തുകളില്‍ 23 റണ്‍സെടുത്ത ടിം ഡേവിഡ് ഇന്നിംഗ്സിലെ അവസാന പന്തില്‍ റണ്ണൗട്ടാകുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 10 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സന്ദീപ് ശര്‍മ്മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ക്കുംവാണിന്ദു ഹസരംഗയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360