കൊച്ചി: ഉന്നതപദവികൾ വഹിക്കുമ്പോഴും ജന്മനാടിനോടും പഠിച്ച സ്കൂളിനോടും എന്നും സ്നേഹവും ആദരവും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു അന്തരിച്ച ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കസ്തൂരി രംഗൻ. എറണാകുളം ശ്രീരാമവർമ്മ ഹൈസ്കൂളിലെ (എസ്.ആർ.വി) ശാസ്ത്രമ്യൂസിയം ഇതിന് നേർസാക്ഷ്യം. 2003ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എസ്.ആർ.വി സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ കസ്തൂരി രംഗനെ നേരിൽ കണ്ടിരുന്നു. സ്കൂളിനെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞ കസ്തൂരിരംഗൻ ഒരു ശാസ്ത്ര മ്യൂസിയം ഒരുക്കിനൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
എം.പി ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് അത്യാധുനിക ശാസ്ത്രമ്യൂസിയം ഒരുക്കുകയും മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിനെ എത്തിച്ച് നാടിന് സമർപ്പിക്കുകയും ചെയ്തു.
ആ മുഹൂർത്തം ഇന്നും മനസിലുണ്ടെന്ന് എസ്.ആർ.വി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നിറകണ്ണോടെ ഓർക്കുന്നു.
ഓർമ്മകളിൽ വിതുമ്പി നാട്
1940 തൃപ്പൂണിത്തുറയിൽ സി.എം കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനായി ജനിച്ച കസ്തൂരിരംഗൻ ഒന്ന്, രണ്ട് ക്ലാസുകൾ തൃപ്പൂണിത്തുറയിൽ തന്നെയായിരുന്നു. എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനോട് ചേർന്നുള്ള ബന്ധുവീട്ടിൽ നിന്നാണ് എസ്.ആർ.വിയിൽ പഠിച്ചത്. മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലായിരുന്നു പഠനം. 1949ൽ മുംബയിലേക്ക് പോയശേഷം പിന്നെ കൊച്ചിയിലേക്ക് വരവ് അപൂർവമായി.
എറണാകുളത്ത് നിന്ന് ഒരാളെ കണ്ടാൽ നാട്ടിലെ വിശേഷങ്ങളും സ്കൂളിനെക്കുറിച്ചും അന്വേഷിക്കുക പതിവായിരുന്നു. 2003ൽ പൂർവവിദ്യാർത്ഥി സംഘടന രൂപീകരിച്ചത് അറിഞ്ഞ് ബന്ധപ്പെട്ടതായി കൃഷ്ണാ നഴ്സിംഗ് ഹോം ഉടമയും പൂർവ്വവിദ്യാർത്ഥിയുമായ ഡോ.എ.കെ. സഭാപതി പറഞ്ഞു. സ്കൂളും അദ്ധ്യാപകരും സഹപാഠികളുമാണ് തന്റെ നേട്ടങ്ങളുടെയെല്ലാം അടിത്തറയെന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. അതുകൊണ്ടാണ് രാജ്യസഭാംഗമായത് കൊണ്ട് ഒരു കോടിരൂപ ശാസ്ത്രമ്യൂസിയത്തിനായി അനുവദിച്ചത്.
ഐ. എസ്.ആർ.ഒ, ഷിപ്യാർഡ്, സൈന്യം എന്നിവിടങ്ങളിൽ നിന്നും സ്പെസിമെനുകൾ എത്തിച്ച് മ്യൂസിയം നിർമ്മിക്കാനായിരുന്നു പദ്ധതി. കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോൾ നിയന്ത്രണം സ്കൂളിനായി. പിന്നീട് പദ്ധതി ലക്ഷ്യം കണ്ടില്ല. അതിൽ അദ്ദേഹത്തിന് പരിഭവം ഉണ്ടായിരുന്നില്ല.
2020ൽ പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ അലുമ്നി മീറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിച്ചു. സ്കൂൾ വിശേഷങ്ങൾ ഇടയ്ക്കിടെ വിളിച്ച് ചോദിക്കാറുണ്ടായിരുന്നു
ഡോ.എ.കെ. സഭാപതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |