ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമം നിയമപരമെന്നും, സ്റ്റേ ചെയ്യരുതെന്നും സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു . നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്ന് ആവശ്യപ്പെട്ടു. ദീർഘകാലമായി ഉപയോഗിക്കുന്ന, രജിസ്റ്റർ നടത്തിയതും വിജ്ഞാപനം ചെയ്‌തവയും അടക്കമുള്ള വഖഫ് സ്വത്തുക്കൾക്ക് നിയമം തിരിച്ചടിയാകുമെന്ന വാദം തെറ്റാണ്. വഖഫായി രജിസ്റ്റർ ചെയ്യണമെന്നത് നിയമപരമായി അനിവാര്യം. ദീർഘനാളായി മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്വത്തുക്കളെ വഖഫായി പ്രഖ്യാപിക്കുന്നതിന് നിയമം തടസമല്ല. ഇതുസംബന്ധിച്ച് വ്യാജപ്രചാരണം നടക്കുന്നു. കോടതിയെ തെറ്രിദ്ധരിപ്പിക്കാനും ശ്രമിക്കുന്നു. മുസ്ലീം സമുദായത്തിലെ വ്യക്തിക്ക് വഖഫ് നൽകാൻ ഒരു തരത്തിലും തടസമില്ല. സർക്കാർ - സ്വകാര്യ ഭൂമികൾ വഖഫാണെന്ന് അവകാശവാദമുന്നയിച്ച് പലയിടത്തും തർക്കങ്ങളുയർന്നതിനെ തുടർന്നാണ് ഭേദഗതി കൊണ്ടുവന്നതെന്നും കേന്ദ്രം അറിയിച്ചു. മേയ് 5നാണ് വിഷയം സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്.
ന്യൂനപക്ഷ കാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഷേർഷാ സി. ഷെയ്‌ക് മൊഹിദ്ദിൻ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്. നിയമത്തിലെവ്യവസ്ഥ സ്റ്റേ ചെയ്യാൻ ഭരണഘടനാ കോടതികൾക്ക് കഴിയില്ല. ഹർജികളിൽ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാൻ മാത്രമേ കഴിയുകയുള്ളുവെന്നും ചൂണ്ടിക്കാട്ടി.
മൗലികാവകാശ ലംഘനമില്ല
മത സ്വാതന്ത്യവുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങളുടെ ലംഘനങ്ങളില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
2013ന് ശേഷം 20 ലക്ഷത്തിൽപ്പരം ഹെക്‌ടർ ഭൂമി വഖഫായി മാറ്റി
വഖഫ് കൗൺസിലിലെ 22 അംഗങ്ങളിൽ രണ്ടു പേർ മാത്രമായിരിക്കും മുസ്ലീം ഇതര അംഗങ്ങൾ
നിയമം സ്റ്രേ ചെയ്‌താൽ പ്രത്യാഘാതമുണ്ടാകും
വഖഫ് നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു
ദുരുപയോഗം ഒഴിവാക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നത്
സംയുക്ത പാർലമെന്ററി സമിതി ആഴത്തിൽ പഠിച്ചാണ് ഭേദഗതികൾ നിർദ്ദേശിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |