വനം വകുപ്പ് അങ്കലാപ്പിൽ
മേപ്പാടി: എരുമക്കൊല്ലി പൂളക്കുന്നിന് സമീപം മൂന്ന് കാട്ടാനകളെ കണ്ടെത്തി. ഇതിൽ ഏത് ആനയാണ് അറുമുഖനെ കൊലപ്പെടുത്തിയതെന്ന് വനംവകുപ്പിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാവിലെ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് മൂന്ന് ആനകളെ കണ്ടെത്തിയത്. മോഴയാനയും പിടിയാനയും കൊമ്പനാനയുമാണ് സംഘത്തിൽ ഉള്ളത്. കൊലപ്പെടുത്തിയത് ഒറ്റയാനാണെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. അതിനാൽ പ്രദേശത്ത് മറ്റു കാട്ടാന ഉണ്ടോയെന്നും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. ആർ.ആർ.ടി സംഘം നേരിട്ടും ഡ്രോൺ ഉപയോഗിച്ചുമാണ് പ്രദേശത്തെ വനമേഖലയിൽ പരിശോധന നടത്തിയത്. ഇതിലാണ് പൂളക്കുന്നിൽ നിന്ന് 300 മീറ്റർ മാറി കാട്ടാനകളെ കണ്ടെത്തിയത്. ആനയെ തിരിച്ചറിഞ്ഞാൽ പോലും വനമേഖലയിൽ എങ്ങനെ ദൗത്യം നിറവേറ്റുമെന്നും വനം വകുപ്പ് ആശങ്കപ്പെടുന്നുണ്ട്. കുത്തനെ കയറ്റം ഉള്ള പ്രദേശമാണ് ഇരുഭാഗവും ജനവാസമേഖലയായതിനാൽ ആനകളെ ഓടിക്കുന്നതിനിടയിൽ ജനവാസമേഖലയിൽ ഇറങ്ങാതെനോക്കുകയുംവേണം. ഒരു ഭാഗത്ത് ചെമ്പ്ര വനമേഖലയും മറുഭാഗത്ത് എളമ്പലേരി വനമേഖലയും ആണ്. ആനക്കൂട്ടം തിരികെ ജനവാസമേഖലയിൽ ഇറങ്ങാതിരിക്കണമെങ്കിൽ കുറഞ്ഞത് 10 കിലോമീറ്റർ അകലെയെങ്കിലും ഓടിച്ചു കയറ്റണം. ഇത്രയും ദൂരം കുങ്കിആനകളെ ഉപയോഗിക്കാൻ ആകില്ല. ദൗത്യസംഘത്തിന്‌നേരെ ആനയുടെ ആക്രമണം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താകും നടപടി. രണ്ടുപേരെ കൊലപ്പെടുത്തിയത് ഒരേ ആനയാണെന്ന് വ്യക്തമായാൽ മയക്കുവെടി വെച്ച് പിടികൂടാൻ സാധിക്കും. എന്നാൽ വനമേഖലയിൽ വച്ച് ആനയെ പിടികൂടാൻ കഴിയില്ല. ജനവാസ മേഖലയിൽ എത്തിയാൽ മാത്രമേ ദൗത്യം സാദ്ധ്യമാവുകയുള്ളൂ. കൊലയാളി കാട്ടാനയെ മാത്രം ദൗത്യത്തിനായി ജനവാസമേഖലയിൽ എങ്ങനെ എത്തിക്കും എന്ന വെല്ലുവിളിയും വനം വകുപ്പിന് ഉണ്ട്. വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. അജേഷ്‌മോഹൻദാസ് ഇന്നലെ സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി. ഡോ.അരുൺ സക്കറിയ ഇന്ന് സ്ഥലത്തെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |