ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരപ്രവർത്തനങ്ങളെ പിന്തുണച്ചെന്നും അതിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തുറന്നു സമ്മതിച്ചു.
ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ധനസഹായവും പിന്തുണയും നൽകിയെന്നും പറഞ്ഞു.
ബ്രിട്ടനിലെ സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഏറ്റുപറച്ചിൽ. പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് ഇന്ത്യ ആരോപിക്കുന്ന ലഷ്‌കർ ഇപ്പോൾ ഇല്ലെന്നും അക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്നും ഖ്വാജ പറഞ്ഞു.
പാകിസ്ഥാനും ഭീകരതയുടെ ഏറ്റവും വലിയ ഇരയാണ്. മൂന്ന് പതിറ്റാണ്ട് മുൻപ് അമേരിക്കയ്ക്കുവേണ്ടിയും ബ്രിട്ടൻ അടക്കം പാശ്‌ചാത്യ രാജ്യങ്ങൾക്കും വേണ്ടി വൃത്തികെട്ട ജോലി ചെയ്തു. ഭീകരർക്ക് പിന്തുണയും പരിശീലനവും ധനസഹായവും നൽകി. അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നു. 80കളിൽ അഫ്ഗാൻ യുദ്ധവും യു.എസിൽ 2001 സെപ്‌തംബർ 11ന് ആക്രമണവും പാകിസ്ഥാന്റെ പ്രതിച്ഛായ നശിപ്പിച്ചു.
ഇപ്പോൾ വൻ ശക്തികൾക്ക് ഇവിടെ നടക്കുന്ന ആക്രമണങ്ങളുടെ പേരിൽ പാകിസ്ഥാനെ പഴിക്കാൻ എളുപ്പമാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് അവർക്കു വേണ്ടി പ്രവർത്തിച്ചവരാണ് ഈ ഭീകരർ. താലിബാനെ അടക്കം യു.എസ് മറയാക്കി ഉപയോഗിച്ചു.
പഹൽഗാം ആക്രമണത്തിന്റെ പേരിൽ പാകിസ്ഥാനെ പഴിക്കുന്നതിൽ കാര്യമില്ല. പുൽവാമയുടെ പേരിലും ഇതാണ് കണ്ടത്. അതിന്റെയൊക്കെ സത്യം പിന്നീട് പുറത്തുവന്നു. ഒരാക്രമണത്തിലും പാകിസ്ഥാന്റെ പങ്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യ വ്യോമാക്രമണം നടത്തിയാൽ നേരിടാൻ തയ്യാറാണെന്നും ഖ്വാജ പറഞ്ഞു.
ഭീകരർ സ്വാതന്ത്ര്യ സമര
സേനാനികൾ: പാകിസ്ഥാൻ
പഹൽഗാമിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. ഇസ്ലാമാബാദിൽ പാകിസ്ഥാൻ മന്ത്രിമാർക്കും ദേശീയ സുരക്ഷാ സമിതി ഉദ്യോഗസ്ഥർക്കുമൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ദാറിന്റെ പരാമർശം.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയവർ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. ഒരു പക്ഷേ അവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം. ആഭ്യന്തര തലത്തിലെ പരാജയങ്ങൾ മറച്ചുവെക്കാൻ ഇന്ത്യ വീണ്ടും പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഡാർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |