കൊച്ചി: തേവര കസ്തൂർഭാ നഗറിൽ വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) ആരംഭിക്കുന്ന ഫുഡ്സ്ട്രീറ്റ് മേയ് അവസാനം ആരംഭിക്കും. സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് പദ്ധതിയാണ് കൊച്ചിയിൽ ആരംഭിക്കുന്നത്. രാജ്യത്തെ 100 കേന്ദ്രങ്ങളിൽ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്ന കേന്ദ്രപദ്ധതിയാണിത്. വൃത്തിയും സുരക്ഷിതവുമായ ഭക്ഷണം വിളമ്പുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2023ൽ ആണ് കേന്ദ്ര പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് നാലിടത്താണ് ഫുഡ്‌സ്ട്രീറ്റ് ആരംഭിക്കുന്നത്. ഫുഡ് സ്ട്രീറ്റിലെ ഷോപ്പുകൾ നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് ജി.സി.ഡി.എ താല്പര്യപത്രം ക്ഷണിച്ചു. 25നായിരുന്നു അവസാന ദിവസം. കരുതിയതിൽ കൂടുതൽ പേർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. താത്പര്യപത്രങ്ങൾ പരിശോധിച്ച് അനുയോജ്യമായവരെ അഭിമുഖത്തിനായി ക്ഷണിക്കും. അപേക്ഷകരുടെ പ്രവൃത്തിപരിചയവും സേവനനിലവാരവും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
ഓപ്പൺ ഡൈനിംഗും
പാർക്കിംഗ് സൗകര്യവും
10000 ചതുരശ്ര അടിയിലാണ് ഫുഡ്‌സ്ട്രീറ്റ് നിർമ്മിക്കുക. 130, 60 ചതുരശ്ര അടി എന്നിങ്ങനെയാണ് ഓരോ ഷോപ്പുകളുടെ ഏരിയ. ആകെയുള്ള 20 ഷോപ്പുകളിൽ, എട്ടെണ്ണം ജനറൽ വിഭാഗത്തിനും ആറെണ്ണം വനിതകൾക്കായും നൽകും. രണ്ടെണ്ണം പട്ടികജാതി വിഭാഗങ്ങൾ, ഒന്നുവീതം പട്ടികവർഗ വിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ, സമൃദ്ധി എന്നിവർക്ക് നൽകും. കേരളീയ വിഭവങ്ങൾ, ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്, അന്താരാഷ്ട്ര ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, ഡെസേർട്ടുകൾ, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിങ്ങനെ വിവിധ ഭക്ഷണങ്ങൾ ലഭിക്കും.
ഓപ്പൺ ഡൈനിംഗ് ഏരിയ, വാഷ് ഏരിയ, 5000 സ്‌ക്വയർ ഫീറ്റിൽ പാർക്കിംഗ് സ്ഥലം, നടവഴികൾ എന്നിവയുണ്ടാകും. 500 ചതുരശ്ര അടിയിൽ കാർ പാർക്കിംഗ്, ലാൻഡ് സ്‌കേപ്പിംഗ്, ഖരമാലിന്യ സംസ്‌കരണ സൗകര്യം, ഡ്രെയിനേജ് എന്നിവയും പ്രത്യേകതകളാണ്. വൈകുന്നേരം മുതൽ പുലർച്ചെ വരെയാകും പ്രവർത്തന സമയം. കലാ വിനോദ പരിപാടികളും നടത്താം.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വില്പന കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടത്. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകും. ഫുഡ് സേഫ്ടി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |