ആലപ്പുഴ : തുടർച്ചയായി പെയ്യുന്ന വേനൽമഴ ചൂടിൽ ആശ്വാസമാകുമ്പോഴും കുട്ടനാടൻ കർഷകരുടെ നെഞ്ചിടിപ്പ് കൂടുന്നു. മില്ലുകാരുടെ നിസ്സഹകരണത്തെത്തുടർന്ന് നെല്ല് സംഭരണം വൈകുന്നതാണ് ആശങ്കയ്ക്ക് പിന്നിൽ.
മേയ് 10ന് മുമ്പ് പുഞ്ചകൃഷിയുടെ വിളവെടുപ്പ് പൂർത്തീകരിക്കാനാകുമെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ. കിഴിവിന്റെ പേരിലുള്ള ചൂഷണത്തിന് വഴങ്ങാത്ത കർഷകരുടെ നെല്ലെടുക്കാണ മില്ലുടമകൾ കൂട്ടാക്കാത്തതാണ് പലപാടങ്ങളിലും സംഭരണം വൈകാൻ ഇടയാക്കുന്നത്.
കൊയ്ത നെല്ല് പാടത്ത് കെട്ടിക്കിടക്കുന്നതാണ് വേനൽമഴ പെയ്യുമ്പോൾ കർഷകരെ ആശങ്കയിലാക്കുന്നത്. മഴയെ ഭയന്ന് മില്ലുകാർ ആവശ്യപ്പെട്ടത്ര കിഴിവ് സഹിച്ചും നെല്ല് നൽകാൻ ചില പാടശേഖരങ്ങളിൽ കർഷകർ നിർബന്ധിതരായി.
പ്രതിസന്ധികൾക്കിടയിലും കൃഷിവകുപ്പ് പുഞ്ചകൃഷിയിൽ പ്രതീക്ഷിച്ചതിനേക്കാൾ വിളവ് ലഭിച്ചത് ആശ്വാസം പകരുന്നു. 128357.945ടൺ നെല്ലാണ് വകുപ്പ് പ്രതീക്ഷിച്ചത്. 88.43ശതമാനം വിളവെടുപ്പ് പൂർത്തീകരിച്ചോൾ 128172.49 ടൺ നെല്ല് കൊയ്തെടുത്തു. ഇതിൽ 90695.019 ടൺ സംഭരിച്ചു. ശേഷിച്ച 37477.47 ടൺ നെല്ല് പാടങ്ങളിൽ കിടക്കുകയാണ്.
കളക്ടർക്ക് നൽകിയ ഉറപ്പും പാലിച്ചില്ല
1. മഴയെത്തിയതോടെ ഒരു ക്വിന്റൽ നെല്ലിന് 8മുതൽ14കിലോവരെ കിഴിവ് മില്ലുകാർ ചോദിച്ചതാണ് കർഷകരുമായുള്ള തർക്കത്തിന് തുടക്കമിട്ടത്
2.കളക്ടറുടെ നിർദ്ദേശമുണ്ടായിട്ടും തങ്ങളുടെ ആവശ്യത്തിന് വഴങ്ങാത്ത കർഷകരുടെ നെല്ലെടുക്കാൻ മില്ലുകാർ കൂട്ടാക്കുന്നില്ല
3.കളക്ടർക്ക് നൽകിയ ഉറപ്പ് പാലിക്കാത്ത മില്ലുടമകൾക്കും അവരുടെ ഏജന്റുമാർക്കുമെതിരെ കുട്ടനാട്ടിൽ പ്രതിഷേധം ശക്തമാണ്
4.മില്ലുടമകളുടെ പിടിവാശിക്ക് അറുതി വരുത്താൻ വരുംവർഷങ്ങളിൽ സംഭരണത്തിന് വ്യക്തമായ മാർഗനിർദ്ദേശം ഉണ്ടാക്കണമെന്ന് കർഷകരുടെ ആവശ്യം
പുഞ്ചകൃഷി (ഹെക്ടറിൽ)
വിളവിറക്കിയത്: 29765.42
വിളവെടുത്തത്: 24830.36
കൊയ്‌തെടുത്ത നെല്ല് : 128172.49 ടൺ
സംഭരിച്ച നെല്ല് : 90695.019 ടൺ
പുഞ്ചകൃഷിയുടെ വിളവെടുപ്പ് പൂർത്തികരിക്കുമ്പോൾ 1.50ലക്ഷം ടൺ നെല്ല് സംഭരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്
- കൃഷി വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |