കാസർകോട്: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്ന് പൊലീസ് പാകിസ്ഥാൻ പൗരന്മാരുടെ കണക്കെടുത്തപ്പോൾ കാസർകോട് ജില്ലയിൽ അത്തരത്തിൽ ആരും താമസിക്കുന്നില്ലെന്ന് കണ്ടെത്തി. പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചും ഇതുസംബന്ധിച്ച അന്വേഷണം പൂർത്തിയാക്കി. സ്ഥിരതാമസമാക്കിയവരോ സന്ദർശക വിസയിൽ വന്നവരോ ആയിട്ടുള്ള പാക് പൗരന്മാർ ആരും ജില്ലയിൽ ഇല്ലെന്നാണ് വ്യക്തമായത്.
പാക് പൗരന്മാർ രാജ്യം വിടണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് മുഴുവൻ ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയത്. നിർദ്ദേശം നടപ്പിലാക്കിയില്ലെങ്കിൽ പൊലീസ് മേധാവിമാരുടെ തൊപ്പി തെറിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫ് നാടുകളിൽ നിന്നും സന്ദർശക വിസയിൽ അറബികൾ കാസർകോട് വരാറുണ്ട്. അവിടെയുള്ള കാസർകോട്ടുകാരായ വ്യവസായ പ്രമുഖരുടെ ആതിഥ്യം സ്വീകരിച്ചാണ് ഇവർ വന്നുപോകാറുള്ളത്. എന്നാൽ പാകിസ്ഥാനിൽ നിന്നും കാസർകോട് ജില്ലയിൽ സന്ദർശകർ എത്തുന്ന പതിവില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം വിവാഹ ശേഷം മംഗളൂരു പൊലീസ് കമ്മിഷണറേറ്റ് പരിധിയിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജരായ മൂന്ന് സ്ത്രീകളെ പൊലീസ് കണ്ടെത്തി. ഇതിൽ ഒരാൾ വാമഞ്ചൂരിലും മറ്റൊരാൾ ഫാൽനീറിലുമാണ് താമസിക്കുന്നത്. മൂന്നാമത്തെ സ്ത്രീയുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏകദേശം 12-13 വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ഈ മൂന്നുപേരും അതിനുശേഷം മംഗളൂരുവിലാണ് താമസം. ഈ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ്, സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ദീർഘകാല വിസയിൽ ഇന്ത്യയിലെത്തി കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയതിനാൽ ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ അനു അഗർവാൾ അറിയിച്ചു. അതേസമയം, ഉഡുപ്പി ജില്ലയിൽ പാകിസ്‌താൻ പൗരന്മാർ ആരും തന്നെയില്ലെന്ന് ഉഡുപ്പി എസ്.പി ഡോ. കെ. അരുൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |