കോഴഞ്ചേരി : ഈ വർഷത്തെ ആറന്മുള വള്ളസദ്യ ജൂലായ് 13 മുതൽ ഒക്ടോബർ 2 വരെ നടക്കും. വള്ളസദ്യകളുടെ ബുക്കിംഗ് മുന്നൂറ് കടന്നു. ഇഷ്ടകാര്യലബ്ധിക്കായി ആറന്മുള ക്ഷേത്രത്തിൽ ഭക്തർ നടത്തുന്ന പ്രധാന വഴിപാടാണ് വള്ളസദ്യ. വഴിപാട് സ്വീകരിക്കുന്ന കരക്കാർ പള്ളിയോടങ്ങളിൽ പമ്പാനദിയിൽക്കൂടി തുഴഞ്ഞെത്തി ഭഗവാനെ വണങ്ങി സദ്യ സ്വീകരിക്കുന്നു. ക്ഷേത്രത്തിലെയും പരിസരങ്ങളിലുള്ള സദ്യാലയങ്ങളിലുമായി പ്രത്യേക ആചാര അനുഷ്ഠാനങ്ങളോടെ നടത്തുന്ന വള്ളസദ്യയിൽ ഭഗവാനും പങ്കെടുക്കുന്നു എന്നതാണ് വിശ്വാസം. ശ്ലോകങ്ങളിലൂടെ പാടി ചോദിക്കുന്ന വിഭവങ്ങൾ ഇലയിൽ വിളമ്പി വഴിപാടുകാരൻ കരക്കാരെ തൃപ്തിപ്പെടുത്തുന്നു. സന്തുഷ്ടരായ കരക്കാർ ഭഗവത് സ്തുതികൾക്കൊപ്പം വഞ്ചിപ്പാട്ട് പാടി വഴിപാടുകാരെ അനുഗ്രഹിക്കുന്നു. ഈ വർഷം ദിവസേന പതിനഞ്ചു വള്ളസദ്യകൾ വരെ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിക്കുന്ന വള്ളസദ്യ നിർവഹണ സമിതിയുടെ മേൽനോട്ടത്തിൽ സദ്യകൾ നടത്തുക. ദേവസ്വം ബോർഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും ഭാരവാഹികൾക്ക് പുറമെ ഭക്തജന പ്രതിനിധിയും അടങ്ങുന്ന നിർവഹണ സമിതി യുടെ മേൽനോട്ടത്തിൽ വള്ളസദ്യക്കുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. വള്ളസദ്യ വഴിപാട് നടത്തുന്നവർക്കും ക്ഷണിക്കപ്പെടുന്നവർക്കും വള്ളസദ്യകളുടെ ചടങ്ങുകൾ പൂർണമായി കാണുന്നതിനും മുഴുവൻ വിഭവങ്ങളും ആസ്വദിക്കുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതാണ്. 500 വള്ളസദ്യകൾ നടുത്തുന്നതിനു ആണ് ഈ വർഷം ലക്ഷ്യമിട്ടിട്ടുള്ളത്. വള്ളസദ്യകളുടെയും, അഷ്ടമിരോഹിണി വള്ളസദ്യയുടെയും മുന്നൊരുക്കങ്ങൾ ചെയ്യുന്നതിന് പള്ളിയോട സേവാസംഘം പ്രസിഡന്റ് സാംബാദേവൻ കെ.വി, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ് , സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേഷ് മാലിമേൽ എന്നിവർ നേതൃത്വം നല്കുന്നു.
വള്ളസദ്യയിൽ 64 വിഭവങ്ങൾ, വിവിധ ദിവസങ്ങളിലായി
മൂന്നുലക്ഷത്തിൽ പരം ആളുകൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04682313010 , 8281113010.
അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14ന്
പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14ന് നടക്കും. ആറന്മുള ക്ഷേത്രത്തിൽ എത്തുന്ന 52 പള്ളിയോട കരകാർക്കും, ഭക്തജനങ്ങൾക്കും വിഭവ സമൃദ്ധമായ വള്ളസദ്യയാണ് അന്നേ ദിവസം ക്ഷേത്ര സന്നിധിയിൽ ഒരുക്കുന്നത്.
ഒരു ലക്ഷത്തിൽ അധികം ആളുകൾ അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |