കോഴിക്കോട്: കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നതായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കാലിക്കറ്റ് ടൗൺ സർവീസ് കോ-ഓപറേറ്റീവ് ബാങ്ക്, ബാങ്ക് റോഡ് ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വീഴ്ച സഹകരണ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കും. സഹകരണ ബാങ്കുകളിലെ ലോണുകൾ കൃത്യമായി തിരിച്ചടപ്പിക്കേണ്ട ഉത്തരവാദിത്തം ജീവനക്കാർക്കാണ്. ജപ്തിവരുമ്പോൾ ഇക്കാര്യത്തിൽ ഇടപെടാൻ ജനപ്രതിനിധികൾക്ക് ആവില്ല. മേഖല നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ കൂട്ടായ പരിശ്രമം വേണം. തിരിച്ചടവ് മുടങ്ങുമ്പോൾ ബാങ്കുകൾ ഡീഗ്രേഡ് ചെയ്യപ്പെടുകയും അതിനനുസരിച്ച് ജീനവക്കാരുടെ ശമ്പളം കുറക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. അങ്ങനെ വന്നാൽ ജീവനക്കാർ ജാഗ്രത പാലിക്കും. സഹകരണ മേഖലയിലെ ഡയറക്ടർമാർ മാറുന്നത് വൈദ്യശാസ്ത്രം പരാജയപ്പെടുമ്പോൾ മാത്രമാണ്. ഈ സാഹചര്യത്തിലാണ് പുതിയ സഹകരണ ഭേദഗതി നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ചെയർമാൻ അഡ്വ. ടി.വി നിർമലൻ അദ്ധ്യക്ഷത വഹിച്ചു. വാഹന വായ്പാ ഉദ്ഘാനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ, കേരളാ ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു, ടി.പി ദാസൻ, കെ. ബൈജു എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. ഒ.എം ഭരദ്വാജ് സ്വാഗതവും ഡയരക്ടർ എ.വി വിശ്വനാഥൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |