തിരുവനന്തപുരം: വെള്ളിത്തിരയിൽ സർഗ്ഗാത്മക ചരിത്രം സൃഷ്ടിച്ച വിശ്വചലച്ചിത്രകാരൻ ഷാജി എൻ. കരുണിന്റെ ഭൗതിക ശരീരം 'ശാന്തികവാടത്തി'ലെ വിദ്യുത്‌ജ്വാലകൾ ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ലോക സിനിമയുടെ ഭ്രമണപഥത്തിലേക്ക് മലയാളത്തെ എത്തിച്ച പ്രിയ ചലച്ചിത്രകാരന്റെ അന്ത്യയാത്രയ്ക്ക് ജനസഞ്ചയം കണ്ണിരോടെ സാക്ഷിയായി.
വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ 'പിറവി"യിലും അവസാന നാളുകളിലും ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയിരുന്ന കെ.എസ്.എഫ്.ഡി.സി ആസ്ഥാനത്തെ കലാഭവനിലും ഭൗതിക ശരീരം പൊതുദർശനത്തിനുവച്ചപ്പോൾ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചലച്ചിത്ര വിദ്യാർത്ഥികളും ഇടമുറിയാതെ ഒഴുകിയെത്തി. ജീവൻ വേർപെട്ട ശേഷവും ചെറുസ്മിതം ശേഷിച്ച മുഖത്തുനോക്കി, പാദങ്ങളിൽ പുക്കളർപ്പിച്ച് കൈകൂപ്പിയാണ് എല്ലാവരും അന്ത്യാഞ്ജലി അർപ്പിച്ചത്. ശാന്തികവാടത്തിൽ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോൾ മക്കളായ അനിലും അപ്പുവും സമീപത്തുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞ അപ്പുവിനെ സുഹൃത്തുക്കൾ ചേർത്തുപിടിച്ചു.
സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ സജി ചെറിയാനും വി.ശിവൻകുട്ടിയും ഷാജി എൻ.കരുണിന്റെ ഭൗതികശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. മന്ത്രിമാരായ ആർ.ബിന്ദു, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ്‌കുമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ, ടി.കെ.രാജീവ് കുമാർ, ബ്ലസി തുടങ്ങിയ പ്രമുഖരുടെ വലിയ നിര അന്ത്യോപചാരം അർപ്പിച്ചു.
കേരളകൗമുദിക്കുവേണ്ടി ചീഫ് എഡിറ്റർ ദീപുരവി വസതിയിലെത്തി പുഷ്പചക്രം സമർപ്പിച്ചു. അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷും ഒപ്പമുണ്ടായിരുന്നു. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, സി.ദിവാകരൻ, രമേശ് ചെന്നിത്തല, എം.ലിജു, സൂര്യകൃഷ്ണ മൂർത്തി, എസ്.കുമാർ, അഴകപ്പൻ, ജോർജ് ഓണക്കൂർ, പ്രൊഫ.വി.മധുസൂദനൻ നായർ, കെ.ജയകുമാർ, പട്ടണം റഷീദ്, അശോകൻ ചരുവിൽ, മേനക, ജലജ, പി.ശ്രീകുമാർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |