ചെലവഴിച്ചത്
₹ 62 കോടി
കൊല്ലം: ജില്ലയിൽ 2024- 25 സാമ്പത്തിക വർഷം വിവിധ വികസന വിദ്യാഭ്യാസ ക്ഷേമ പദ്ധതികൾക്കായി 62 കോടി രൂപ ചെലവഴിച്ച് പട്ടികജാതി വികസന വകുപ്പ്. 158 പേർക്ക് ഭൂമി, 506 സേഫ്, 493 പഠനമുറി, 12 പേർക്ക് സ്വയംതൊഴിൽ ധനസഹായം, 153 പേർക്ക് വിദേശ തൊഴിൽ ധനസഹായം, 466 വിവാഹ ധനസഹായം, 1512 പേർക്ക് ചികിത്സാ ധനസഹായം, ഏകവരുമാനദായക അംഗം മരണപ്പെട്ട 134 കുടുംബങ്ങൾക്ക് ധനസഹായം, 60 ദമ്പതികൾക്ക് മിശ്രവിവാഹ ധനസഹായം, അതിക്രമത്തിനിരയായ 29 പേർക്ക് ആശ്വാസ ധനസഹായവും ഇക്കാലയളവിൽ അനുവദിച്ചു.
ദുർബലവിഭാഗ പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ വേടർ, ചക്ലിയർ വിഭാഗത്തിൽപ്പെട്ട 18 പേർക്ക് ഭൂമിയും 96 പേർക്ക് ഭവനനിർമാണ ധനസഹായവും, 41 പേർക്ക് പഠനമുറി, 110 പേർക്ക് ഭവന പുനരുദ്ധാരണത്തിനുള്ള ധനസഹായവും 21 പേർക്ക് ടോയ്‌ലെറ്റിനുള്ള ധനസഹായവും 22 പേർക്ക് 100 ശതമാനം സബ്‌സിഡിയോടെ മൂന്ന് ലക്ഷം സ്വയംപദ്ധതികൾക്കും മൂന്ന് പേർക്ക് 10 ലക്ഷം രൂപ നിരക്കിൽ കൃഷിഭൂമി പദ്ധതി നിർവഹണത്തിനായും നൽകി.
അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരം ജില്ലയിൽ 2016 മുതൽ തിരഞ്ഞെടുത്ത 65 നഗറുകളിൽ 34 എണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയാക്കി. കോർപ്പസ് ഫണ്ട് പദ്ധതിപ്രകാരം കുടിവെള്ള വിതരണം, ഗതാഗത സൗകര്യ വികസനം, കുടിവെള്ള വിതരണം, വൈദ്യുതി വിതരണം തുടങ്ങിയ പദ്ധതികൾക്കായി 2024- 25 സാമ്പത്തിക വർഷം 8038210 ലക്ഷം രൂപയും ചെലവഴിച്ചു.
മുൻഗണന വിദ്യാഭ്യാസത്തിന്
പ്രീമെട്രിക് വിദ്യാഭ്യാസത്തിന് 431273 വിദ്യാർത്ഥികൾക്ക് ആനുകൂല്യം
400 ഓളം സ്ഥാപനങ്ങളിലെ 14889 വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്‌സ് മുഖേന പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ സഹായം
മെഡിക്കൽ/എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് പ്രാരംഭചെലവ്, ലാപ്‌ടോപ്പ്, സ്‌പെഷ്യൽ ഇൻസെന്റീവ്, മെഡിക്കൽ എൻട്രൻസ് പ്രവേശന പരിശീലനം, പഠനയാത്രാ പദ്ധതി, അയ്യങ്കാളി സ്‌കോളർഷിപ്പ്, സ്റ്റെതസ്‌കോപ്പ്, അഡ്വക്കേറ്റ് ഗ്രാന്റ് എന്നിവയ്ക്ക് 2010 പേർക്ക് തുക അനുവദിച്ചു
നഴ്‌സിംഗ്/പാരാമെഡിക്കൽ കോഴ്‌സ് പാസായ 23 പേർക്ക് സ്റ്റൈപ്പന്റോടെ സർക്കാർ ആശുപത്രികളിലും എൽ.എൽ.ബി/എൽ.എൽ.എം പാസായ ആറുപേർക്ക് വിവിധ കോടതികളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും എം.എസ്.ഡബ്ല്യു പാസായ അഞ്ചുപേർക്ക് വിവിധ ഓഫീസുകളിലും, ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ (സിവിൽ) പാസായവർക്ക് അക്രഡിറ്റഡ് എൻജിനിയർ/ഓവർസിയർമാരായി വകുപ്പിന്റെ വിവിധ ഓഫീസുകളിലും പരിശീലനം ലഭ്യമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |