നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം പുരോഗമിക്കുന്നു. ആദ്യഘട്ടമായി ഓപ്പൺ എയർ ഓഡിറ്റോറിയവും ചന്തയ്ക്കു മുന്നിൽ വയോജന പാർക്കും നിർമ്മാണം തുടങ്ങി. നഗരസഭ ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കാനുള്ള നിർമാണ പ്രവൃത്തികൾ ഇപ്പോൾ നടന്നുവരികയാണ്.
പെരുമ്പഴുതൂർ പഞ്ചായത്ത് 2000ത്തിലാണ് നെയ്യാറ്റിൻകര നഗരസഭയോടു കൂട്ടിച്ചേർത്തത്. അന്നുമുതലുള്ള ആവശ്യമാണ് പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം. 22 വാർഡുകൾ മാത്രമുണ്ടായിരുന്ന നഗരസഭ 44 വാർഡുകളായി വികസിച്ചത് പെരുമ്പഴുതൂർ പഞ്ചായത്തിനെ ലയിപ്പിച്ചതോടെയാണ്. കാലാകാലങ്ങളിൽ അധികാരത്തിലെത്തുന്ന ഭരണസമിതികൾ ബഡ്ജറ്റിൽ വികസനത്തിനുള്ള തുക നീക്കിവയ്ക്കുമെങ്കിലും സാദ്ധ്യമായില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഭരണസമിതി പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം ഏറ്റെടുത്തത്.
സ്ഥലമേറ്റെടുപ്പ് പ്രതിസന്ധി നിറഞ്ഞതായിരുന്നു. കടമുറികൾ ഒഴിപ്പിക്കലിന് 2023വരെ കാത്തിരുന്നു. ആദ്യം ഒഴിയാൻ തയാറാകാതിരുന്നവരുമായി നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി ചേർന്ന് ചർച്ച നടത്തി. സ്ഥലം ഏറ്റെടുക്കലിനു ശേഷമാണ് പുരയിടങ്ങളിലെ കടകളും കെട്ടിടങ്ങളും പൊളിച്ചുനീക്കിയത്.
വിദഗ്ദ്ധ കമ്മിറ്റിക്ക് രൂപം നൽകിയാണ് സ്ഥലം ഏറ്റെടുപ്പും ജംഗ്ഷൻ വികസന രൂപരേഖ തയാറാക്കലും പൂർത്തീകരിച്ചത്. ഏറ്റെടുത്ത സ്ഥലത്ത് നിന്നിരുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റി സ്ഥലം നിർമ്മാണ പ്രവൃത്തികൾക്ക് അനുകൂലമായി ഒരുക്കി.
നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു
2025-26ലെ ബഡ്ജറ്റിൽ പെരുമ്പഴുതൂർ മാർക്കറ്റ് വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പാർക്ക്, വയോജന സമൂഹത്തിനും ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ രൂപകൽപന ചെയ്ത് ദൃശ്യശ്രവണ സംവിധാനത്തോടുകൂടി യാഥാർത്ഥ്യമാക്കും. ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിക്കുന്നതിനായി 29 ലക്ഷം രൂപയും ഉൾപ്പെടുത്തി. നിർമ്മാണ പ്രവൃത്തിക്ക് തുടക്കംകുറിച്ച് ഏപ്രിൽ 14ന് ശിലാസ്ഥാപന കർമ്മവും നടത്തി. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ജംഗ്ഷനിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഒന്നാം ഘട്ട വികസനം
നെയ്യാറ്റിൻകര-കാട്ടാക്കട റോഡും റസൽപുരം-അരുവിപ്പുറം റോഡും സംഗമിക്കുന്ന പെരുമ്പഴുതൂർ ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് ഓപ്പൺഎയർ ഓഡിറ്റോറിയവും, വയോജന പാർക്കും
ഓപ്പൺ ഓഡിറ്റോറിയം....... 29 ലക്ഷം
വയോജന പാർക്ക് ...........15 ലക്ഷം
ഒന്നാം ഘട്ടം ആകെ 44 ലക്ഷം രൂപ
22.5സെന്റ് ഭൂമി ഏറ്റെടുക്കാൻ 1.82കോടി രൂപ ചെലവാക്കി
രണ്ടാംഘട്ടത്തിൽ ചന്ത വികസനം
കവലയോടു ചേർന്നുള്ള നഗരസഭ ചന്തയുടെ വികസനമാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്. ചന്ത നവീകരിക്കുന്നതിനൊപ്പം കവല വികസനത്തിന് സ്ഥലം വിട്ടുനൽകിയവർക്കായി കടമുറികൾ നിർമ്മിക്കും.
രണ്ടാംഘട്ടം.......... 1.20കോടി രൂപയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |